NEWS

പിൻവാതിൽ അല്ല മുൻവാതിലാണ്, നിയമനങ്ങളിൽ നിലപാട് വ്യക്തമാക്കി എം വി ജയരാജൻ

വലതുപക്ഷ രാഷ്ട്രീയ മാധ്യമ കൂട്ടുകെട്ട് വിശേഷിപ്പിക്കുന്നതുപോലെ എൽഡിഎഫ് സർക്കാർ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന താൽക്കാലിക നിയമനം സ്ഥിരപ്പെടുത്തൽ, പിൻവാതിൽ നിയമനം അല്ല മുൻവാതിൽ നിയമനം തന്നെയാണ്. പി എസ് സി റാങ്ക് ലിസ്റ്റിലുള്ള ആരുടെയും നിയമനം നിഷേധിച്ചിട്ടില്ല. മാത്രമല്ല യുഡിഎഫിന്റെ അഞ്ചുവർഷം 125800 പേർക്കാണ് പിഎസ്‌സി വഴി നിയമനം നൽകിയതെങ്കിൽ, എൽഡിഎഫ് 56 മാസത്തിനിടയിൽ 157911 പേർക്ക് നിയമനം നൽകിയിട്ടുണ്ട്. കേന്ദ്ര ബിജെപി സർക്കാർ രാജ്യത്താകെ റെയിൽവേ അടക്കമുള്ള പ്രധാന സ്ഥാപനങ്ങളിൽ നിയമനങ്ങൾ മരവിപ്പിച്ചു നിർത്തി. അതിനെ തുടർന്നു ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.

യുഡിഎഫ് ഭരിക്കുമ്പോൾ കേരളത്തിൽ നിയമന നിരോധനം നടപ്പാക്കിയത് മറക്കാൻ കഴിയുന്ന കാര്യമല്ല. കേരളത്തിൽ ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥ സമിതി രൂപീകരിക്കുകയാണ് എൽഡിഎഫ് ചെയ്തത്. കോടതി സ്റ്റേ അടക്കമുള്ള കാരണങ്ങളാൽ പ്രമോഷൻ നടത്താൻ കഴിയാതിരുന്ന കേസുകളിൽ അടക്കം താൽക്കാലിക പ്രമോഷൻ നൽകാനും അതുവഴിയുണ്ടാകുന്ന എൻട്രി കേഡർ ഒഴിവുകളിൽ പിഎസ്‌സി വഴി നിയമിക്കാനും തീരുമാനമെടുത്തു. ഒരുഘട്ടത്തിൽ ആശ്രിത നിയമന വ്യവസ്ഥ പ്രകാരമുള്ള ഒഴിവുകളിൽ പോലും പി എസ് സിക്കാരെ നിയമിച്ചു. ഇതൊന്നും സാധാരണഗതിയിൽ പി എസ് സി റാങ്ക് ഹോൾഡേഴ്സ് പ്രതീക്ഷിക്കാത്തതാണ്.

എൽഡിഎഫ് സർക്കാർ എല്ലായിപ്പോഴും ഉദ്യോഗാർത്ഥികൾക്ക് ഒപ്പം ആണെന്ന് ഇത് തെളിയിക്കുന്നു.
ഉദ്യോഗാർഥികളിൽ പി എസ് സി റാങ്ക് ജേതാക്കളും, താൽക്കാലിക – കരാർ നിയമനക്കാരും, സ്റ്റാർട്ടപ്പ് അടക്കമുള്ള സ്വയംതൊഴിൽ സംരംഭകരും, ഭാവിയിൽ ജോലിക്കായി അപേക്ഷ നൽകാനായി കാത്തു നിൽക്കുന്നവരും എല്ലാം ഉൾപ്പെടും. താൽക്കാലിക അടിസ്ഥാനത്തിൽ ജോലിക്കു വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചാൽ പി എസ് സി ക്ക് അപേക്ഷ നൽകുന്നതുപോലെ ഏതൊരു ഉദ്യോഗാർത്ഥി യും അപേക്ഷിക്കുകയും നിയമന നടപടിക്രമങ്ങൾ പാലിച്ച് ജോലി ലഭിക്കുകയും ചെയ്താൽ അതിൽ ഒരു തെറ്റും പറയാനില്ല. 10 വർഷത്തിലധികമായി ഇത്തരത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുമ്പോൾ ചിലർ വിശേഷിപ്പിക്കുന്നതുപോലെ അത് പിൻവാതിൽ നിയമനമാണ് വ്യാഖ്യാനിക്കുന്നത് ഒട്ടും ശരിയല്ല. അത് മുൻവാതിൽ നിയമനം തന്നെയാണ്. മാത്രമല്ല 24 വർഷം വരെ സേവനമനുഷ്ഠിച്ച താൽക്കാലിക ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ചു വരും ആണ്. ആദ്യകാലത്ത് കേവലം ആയിരം രൂപ മാത്രം വേതനം വാങ്ങി ജോലി ചെയ്തിരുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാശ്രീ വളണ്ടിയർമാരുടെ ദുരിതത്തെക്കുറിച്ച് മനോരമ മുമ്പ് റിപ്പോർട്ട് ചെയ്തത് ഇപ്രകാരമായിരുന്നു. “യോഗ്യതയുള്ളവരെ സ്ഥിരം അധ്യാപകർ ആക്കണമെന്നും അല്ലാത്തവരെ മറ്റു വകുപ്പുകളിലേക്ക് മാറ്റണമെന്നുള്ള നിർദ്ദേശം ഇപ്പോഴും കടലാസിൽ മാത്രമാണ് .” ഫെബ്രുവരി 10ന് മന്ത്രിസഭായോഗം 344 ഏക അധ്യാപകരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ച വിവരം വാർത്തയാക്കുമ്പോൾ സാധാരണനിലയിൽ ‘മനോരമ ഇംപാക്ട് ‘ എന്ന തലക്കെട്ടോടെ പ്രധാന വാർത്തയാണ് ജനങ്ങൾ പ്രതീക്ഷിക്കുക.

കെൽട്രോണിൽ 286 പേരെയാണ് സ്ഥിരപ്പെടുത്തിയത്. ഇൻറർവ്യൂ അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് മുമ്പ് ഇവരെ നിയമിച്ചത്. കെൽട്രോണിലെ ചില യൂണിറ്റുകളിൽ സ്ഥിരം ജീവനക്കാർ എല്ലാം ഇതിനകം റിട്ടയർ ചെയ്തു. അങ്ങനെ വന്നപ്പോൾ താൽക്കാലികക്കാരെ വ്യക്തമായ മാനദണ്ഡം ഉണ്ടാക്കി സ്ഥിരപ്പെടുത്തുക എന്നത് സ്ഥാപനത്തിൻറെ വളർച്ചക്ക് അനിവാര്യമാണ്. അല്ലെങ്കിൽ സ്ഥാപനം തന്നെ കരാറുകാരെ ഏൽപ്പിക്കേണ്ടത് വരും. പൊതുമേഖല സ്വകാര്യവൽക്കരണം എന്ന ബിജെപി-കോൺഗ്രസ് നയം എൽഡിഎഫിന് ഇല്ല. സ്വകാര്യവൽക്കരണം മൂലം ജോലി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾ എത്ര ലക്ഷങ്ങളാണ്. സംവരണം പോലും നിഷേധിക്കപ്പെടുകയാണ്. എൽഡിഎഫ് സർക്കാർ ആദിവാസികളെ വിവിധ സേനകളിലേക്ക് പ്രത്യേകം റിക്രൂട്ട് ചെയ്യ്താണ് ചരിത്രം സൃഷ്ടിച്ചത്. 2020 – 21 ബജറ്റ് തൊഴിൽദാന ബജറ്റാണ്.

ഉറപ്പിച്ചുപറയാം എൽഡിഎഫ് ഉദ്യോഗാർത്ഥികൾക്ക് ഒപ്പമാണ്. പിഎസ്‌സി ക്കാരുടെയും, താൽക്കാലിക ക്കാരുടെയും, പഠിച്ചു കഴിഞ്ഞവരും, പഠിച്ചുകൊണ്ടിരിക്കുന്ന വരു മായ എല്ലാ ഉദ്യോഗാർത്ഥികൾക്കും ഒപ്പമാണ് എൽഡിഎഫ്. എൽഡിഎഫ് സർക്കാരിൻറെ കാലത്ത് പിൻവാതിലിലൂടെ അല്ല മുൻവാതിലിലൂടെ മാത്രമേ കാര്യങ്ങൾ നടക്കുകയുള്ളൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button