NEWS

ഏറ്റെടുക്കാന്‍ ആരുമില്ലാത്തവര്‍ക്ക് താങ്ങായി ഹോം എഗെയ്ന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോം എഗെയ്ന്‍ പദ്ധതി 2020-21 നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മാനസികരോഗാശുപത്രിയില്‍ ചികിത്സ പൂര്‍ത്തിയായിട്ടും കുടുംബം ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്ന ആളുകളുടെ സാമൂഹിക പുനരധിവാസത്തിനായാണ് ഹോം എഗെയ്ന്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. സാമൂഹ്യനീതി വകുപ്പ് ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി പഞ്ചായത്തിലാണ് സാമൂഹ്യനീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഹോം എഗെയ്ന്‍ പദ്ധതി (5 പേരടങ്ങുന്ന യൂണിറ്റ്) പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത്. പദ്ധതിയ്ക്കായി 4.41 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

സാമൂഹിക പുനരധിവാസം ലക്ഷ്യമിട്ടുള്ള കെയര്‍ ഗ്രിവറുടെ പിന്തുണയുള്ള സേവന സമീപനമുള്ള ഒരു പുനരധിവാസ ഭവനമാണ് ഹോം എഗെയ്ന്‍. ഈ പദ്ധതിയില്‍ മാനസിക രോഗമുള്ളവര്‍ക്ക് വീട് വാടകയ്‌ക്കെടുക്കുവാനും കമ്മ്യൂണിറ്റിയിലെ പങ്കിട്ട വീടുകളില്‍ താമസിക്കാന്‍ അവസരം നല്‍കുകയും ആരോഗ്യം, സാമൂഹ്യവത്ക്കരണം, സാമ്പത്തിക ഇടപെടലുകള്‍, ജോലി, വിനോദം എന്നീ വ്യക്തിപരമായ അര്‍ത്ഥമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്നതിന് സഹായിക്കുകയും ചെയ്യുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് അനുവദിക്കുന്ന കെട്ടിടത്തിലോ തദ്ദേശസ്വയംഭരണ വകുപ്പിന്റെ പങ്കാളിത്തത്തോടെയോ ആണ് ഹോം എ ഗെയ്ന്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

Back to top button
error: