മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് എൻഎസ്എസ്
മുന്നോക്ക സമുദായ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന് എൻഎസ്എസ്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഒരു ഉപഹർജി കൂടി നായർ സർവീസ് സൊസൈറ്റി ഫയൽ ചെയ്തു. മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചാൽ മാത്രമേ ഏതൊക്കെ സമുദായങ്ങൾക്ക് സംവരണത്തിന് അർഹതയുണ്ടെന്ന് നിശ്ചയിക്കാൻ കഴിയൂ എന്നാണ് എൻഎസ്എസ് നിലപാട്. സാമ്പത്തിക സംവരണം ലഭിക്കാൻ റവന്യു അധികാരികൾ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നത് ഇതുകൊണ്ടാണെന്നും എൻഎസ്എസ് ആരോപിക്കുന്നു.
സംസ്ഥാനത്ത് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം സർക്കാർ നടപ്പാക്കിയിരുന്നു. ആ വിഭാഗത്തിന് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല എന്ന നിലപാടിലാണ് ഇപ്പോൾ എൻഎസ്എസ് ഉള്ളത്. സംഭരണം സംസ്ഥാനത്ത് നടപ്പാക്കിയപ്പോൾ ഉണ്ടായ അപാകതകൾ ആണ് ഇതിന് കാരണമെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടുന്നു.
മുന്നാക്ക സമുദായ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് സംവരണം നേടാൻ കഴിയാത്ത സ്ഥിതി ഉണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.