Lead NewsNEWS

കത്വ കേസിൽ ആരിൽ നിന്നും പണം കൈപ്പറ്റിയിട്ടില്ല; ഫീസ് വാങ്ങി വാദിക്കേണ്ട കേസല്ല ഇത് :ഇരയുടെ കുടുംബത്തിനു വേണ്ടി ഹാജരാകുന്ന ഹൈക്കോടതി വക്കീൽ ആർ എസ് ബൈൻസ് – അഡ്വ. സുഭാഷ് ചന്ദ്രൻ കെ ആർ

കത്വ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരികൊള്ളുന്നതിനിടയിൽ കേസ് നടത്തിപ്പിനായി അഡ്വ. മുബീൻ ഫാറൂഖിയ്ക്ക് 9.35 ലക്ഷം രൂപ നൽകിയെന്നാണ് യൂത്ത്‌ ലീഗ് നേതാക്കൾ ആദ്യം വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടത്. പ്രസ്തുത ബാങ്കിടപാടിന്റെ രേഖകൾ മാധ്യമ പ്രവർത്തകർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതുവരെ പുറത്തുവിടാൻ യൂത്ത് ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

ഇതിനിടയിൽ ഒരു സ്വകാര്യ മാധ്യമത്തിന്റെ ചർച്ചയിൽ 7.35 ലക്ഷം രൂപയാണ് അഡ്വ. മുബീൻ ഫാറൂഖിയ്ക്ക് നൽകിയതെന്നും 2 ലക്ഷം രൂപ ഹൈക്കോടതി അഭിഭാഷകർക്കാണ് നൽകിയതെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ അവകാശപ്പെട്ടിരുന്നു.

പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ പോരെന്നും വധശിക്ഷ നൽകണമെന്നുമാവശ്യപ്പെട്ട് വിചാരണ കോടതി നടപടിക്കെതിരെ പ്രോസിക്യൂഷൻ അപ്പീലിനു പുറമെ ആസിഫയുടെ പിതാവ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നും അഡ്വ. ആർ എസ് ബൈൻസ്, അഡ്വ.ഉത്സവ് ബൈൻസ് തുടങ്ങിയ അഭിഭാഷകരാണ് ഇരയുടെ കുടുംബത്തിന് വേണ്ടി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് വാദിക്കുന്നത്.

ദീർഘ കാലമായി അഭിഭാഷകവൃത്തിയിലുള്ള, അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ അഡ്വ. ആർ എസ് ബൈൻസിനെപോലൊരാൾ കത്വ പോലൊരു കേസിൽ പണം വാങ്ങിയിരിക്കുമോ എന്ന സംശയം ദൂരീകരിക്കാനാണ് അദ്ദേഹത്തെ വിളിച്ചത്.
അഡ്വ. ആർ എസ് ബൈൻസിന്റെ മറുപടി ഇങ്ങനെ :

“കത്വ കേസിൽ ഇരയുടെ കുടുംബത്തിനു വേണ്ടി കേസ് ഫയൽ ചെയ്തിരിക്കുന്നത് ഞാനാണ്. എന്റെ ഓഫീസിൽ നിന്നും എന്റെ ഒപ്പോടു കൂടിയാണ് പ്രസ്തുത അപ്പീൽ ഫയൽ ചെയ്യപ്പെട്ടിരിക്കുന്നത്. ഞാൻ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ എനിക്കാരും പണം നൽകിയിട്ടുമില്ല. മുബീനാണ് ഫയലും വക്കാലത്തും എനിക്കെത്തിച്ചു തന്നത്. മുബീൻ എനിക്ക് പണം നൽകിയിട്ടില്ല.
മുബീനിൽ നിന്ന് മാത്രമല്ല, ഒരു സംഘടനയിൽ നിന്നും ഞാൻ പണം കൈപ്പറ്റിയിട്ടില്ല.കാരണം പണം വാങ്ങി കൈകാര്യം ചെയ്യേണ്ട ഒരു കേസല്ല ഇത് ”

സമൂഹ മനസാക്ഷിയെ പിടിച്ചുലക്കുന്ന കുറ്റകൃത്യങ്ങളിലും ഭരണഘടനാ ലംഘനങ്ങളും പോലീസ് അതിക്രമങ്ങളുമെല്ലാം ഉണ്ടാകുമ്പോൾ പണം വാങ്ങാതെ സൗജന്യ നിയമസഹായം വാഗ്‌ദാനം ചെയ്യുന്ന ഒരുപറ്റം അഭിഭാഷകരുള്ള നാടാണ് നമ്മുടേതെന്ന് കഴിഞ്ഞ പോസ്റ്റിലെ ഞാൻ സൂചിപ്പിച്ചിരുന്നു. കത്വ ഇരക്കൊപ്പം, മനുഷ്യാവകാശ ലംഘനങ്ങളിൽ സൗജന്യമായി നിയമസഹായം നൽകുന്ന ഒരുപറ്റം അഭിഭാഷകരെക്കൂടിയാണ് നിങ്ങൾ അപമാനിക്കുന്നതെന്നോർക്കുക.

ഒരു കള്ളം മറയ്ക്കാൻ ഒരായിരം കള്ളങ്ങൾ പറയേണ്ടി വരുമെന്ന് യൂത്ത് ലീഗ് നേതാക്കൾ മറക്കരുത്.
കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞപോലെ ആയിരക്കണക്കിനു സത്യവിശ്വാസികൾ മനമറിഞ്ഞു തന്ന പണം ദുരുപയോഗം ചെയ്ത നിങ്ങളിൽ ഓരോരുത്തരെയും സത്യം പുറത്തുവരും വരെ കത്വ ഇരയുടെ ആത്മാവ് വേട്ടയാടിക്കൊണ്ടേയിരിക്കും.

Back to top button
error: