രാജ്യസഭയില്‍ നിന്നും ഗുലാം നബി ആസാദ് പടിയിറങ്ങുന്നത് കേരളത്തിലേക്കോ?

രാജ്യസഭയിലെ പ്രതിപക്ഷനേതാവായ ഗുലാം നബി ആസാദ് ഫെബ്രുവരി 15ന് കാലാവധി അവസാനിച്ച് രാജ്യസഭയുടെ പടിയിറങ്ങുമ്പോള്‍ കേരളത്തില്‍ നിന്ന് വീണ്ടും ആസാദിനെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ശ്രമം നടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഏപ്രില്‍ 21-ന് കേരളത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിവു വരുന്നത്. ഒരു സീറ്റ് യു.ഡി.എഫിന് ലഭിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആസാദിനെ രാജ്യസഭയിലെത്തിക്കാന്‍ ഹൈക്കമാന്‍ഡ് പദ്ധതിയിടുന്നത്. വയലാര്‍ രവിയുടെ രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവിലേക്കാണ് ആസാദിനെ പരിഗണിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത് ആസാദിനെ വീണ്ടും രാജ്യസഭയില്‍ എത്തിക്കണമെന്ന് തന്നെയാണ്.

അതേസമയം, ഗുലാം നബി ആസാദ് വിരമിക്കുന്ന സാഹചര്യത്തില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. പി. ചിദംബരം, ആനന്ദ് ശര്‍മ്മ, ദ്വിഗ് വിജയ് സിങ് അടക്കമുള്ളവരാണ് രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍ ഇവരില്‍ ആരെങ്കിലും രാജ്യസഭാ അധ്യക്ഷനാകുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് താത്പര്യം ഇല്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗേയെ ആണ് കോണ്‍ഗ്രസ് അധ്യക്ഷ പിന്തുണയ്ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വക്താക്കള്‍ പറയുന്നത്.

അതേസമയം, പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണി ആവശ്യപ്പെട്ട് 23 തിരുത്തല്‍വാദി നേതാക്കള്‍ ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. ഇതില്‍ പ്രധാനിയാണ് ഗുലാം നബി ആസാദ്. അതുകൊണ്ടു തന്നെ ഗുലാം നബി ആസാദിനെ വീണ്ടും രാജ്യസഭയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡില്‍ ചില തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്.

1980 മുതല്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് അംഗമായിരുന്ന ഗുലാം നബി ആസാദ് രണ്ടു തവണ ലോക്സഭയിലും അഞ്ചുതവണ രാജ്യസഭയിലും എത്തിയിട്ടുണ്ട്. നിലവില്‍ കശ്മീരില്‍നിന്നുള്ള രാജ്യസഭാംഗമാണ് ഇദ്ദേഹം. എന്നാല്‍ ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിനു പിന്നാലെ അവിടുത്തെ നിയമസഭ ഇല്ലാതായി. ഇതോടെയാണ് മറ്റൊരു സംസ്ഥാനത്തുനിന്ന് ആസാദിനെ രാജ്യസഭയില്‍ എത്തിക്കാനുള്ള ശ്രമം ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *