NEWS

ജയലക്ഷ്മിക്കെതിരേ കള്ളക്കേസ് നടത്തിയവര്‍ക്ക് കനത്ത തിരിച്ചടിഃ ഉമ്മന്‍ ചാണ്ടി

നികൃഷ്ടമായ രാഷ്ട്രീയ ആക്രമണത്തിന് ഇരയായ മുന്‍ മന്ത്രി പികെ ജയലക്ഷ്മിക്കെതിരേയുള്ള അഴിമതി ആരോപണക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചെന്നും യാതൊരുവിധ ക്രമക്കേടും കണ്ടെത്തിയില്ലെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരേ കള്ളക്കേസ് ചുമത്തുന്ന ഇടതുസര്‍ക്കാരിനു കിട്ടിയ കനത്ത തിരിച്ചടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

പികെ ജയലക്ഷ്മി പട്ടികവര്‍ഗ ക്ഷേമ യുവജനകാര്യ മന്ത്രിയായിരുന്നപ്പോള്‍ 2015-16ല്‍ ആദിവാസി ഭൂമി പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടായി എന്നാണ് സിപിഎം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രചരിപ്പിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വയനാട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. നാലുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കേസ് അവസാനിപ്പിച്ചത്.

സിപിഎമ്മിന്റെ കള്ളപ്രചാരണംമൂലം 2016ലെ തെരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന് അവര്‍ തോറ്റു. മാനസികമായി തകര്‍ന്ന അവര്‍ മാസം തികയാതെ ആറാം മാസത്തില്‍ മകള്‍ക്ക് ജന്മം നല്കി. മൂന്നരമാസത്തോളം ആശുപത്രിയില്‍ ചികിത്സനടത്തിയശേഷമാണ് ആരോഗ്യത്തോടെ മകളെ കിട്ടിയത്. പരമ്പരാഗതമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ധാര്‍മിക മൂല്യങ്ങളിലും അടിയുറച്ച് ജീവിക്കുന്ന കുറിച്യ സമുദായത്തിനിടയില്‍ അപമാനിതയായി.

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ മികച്ച പ്രകടനം നടത്തിയ മന്ത്രിയാണ് ജയലക്ഷ്മി. കേരളത്തില്‍ ആദ്യമായാണ് ഒരു വനിത ആദ്യതെരഞ്ഞെടുപ്പില്‍ ജയിച്ച് 30-ാം വയസില്‍ മന്ത്രിയായത്. ഒരു മുന്‍പരിചയവും ഇല്ലാതെ എംഎല്‍എയും മന്ത്രിയുമായ അവര്‍ 5 വര്‍ഷം ഒരാരോപണവും ഉണ്ടാകാതെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു പട്ടികവര്‍ഗക്കാരി മന്ത്രിപദത്തിലെത്തിയത്. രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ട് പരിപാടിയിലൂടെയാണ് ജയലക്ഷ്മിയെ കണ്ടെത്തിയത്.

ഒരു സ്ത്രീയെന്നോ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആളെന്നോയുള്ള പരിഗണനപോലും ഇല്ലാതെയാണ് അവരെ തകര്‍ക്കാന്‍ നോക്കിയതെന്നും ഇത് എല്ലാവര്‍ക്കും പാഠമാകണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Back to top button
error: