ഞാന്‍ ആത്മഹത്യയുടെ വക്കിൽ: സണ്ണി ലിയോണ്‍ കേസിലെ വിവാദ നായകന്‍

കേരളത്തിൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സജീവമായി ചർച്ച ചെയ്യുന്ന പേരുകളാണ് സണ്ണിലിയോണിന്റേതും ഷിയാസ് പെരുമ്പാവൂരിന്റേതും. പണം വാങ്ങിയ ശേഷം സണ്ണി ലിയോണ്‍ പരിപാടിയിൽ നിന്ന് പിന്മാറി എന്നായിരുന്നു പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതി. എന്നാൽ താൻ ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും പറഞ്ഞ സമയത്ത് പരിപാടി സംഘടിപ്പിക്കാൻ സാധിക്കാതിരുന്നത് സംഘാടകരുടെ കഴിവുകേടാണെന്നും സണ്ണിലിയോൺ ക്രൈംബ്രാഞ്ചിനു മുന്നിൽ മൊഴി നൽകി. പരിപാടി നടത്തുവാൻ സണ്ണിലിയോൺ അഞ്ചുതവണ ഷിയാസിന് ഡേറ്റ് നൽകിയിരുന്നു. എന്നാൽ അഞ്ചു തവണയും പരിപാടി കോഡിനേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടു. എപ്പോൾ ആവശ്യപ്പെട്ടാലും താൻ പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് താരം മൊഴിനൽകി.

എന്നാൽ ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഷിയാസ് തന്റെ ഭാഗത്തെ ന്യായം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. അഞ്ച് തവണയും പരിപാടി മാറ്റിവെച്ചത് സംഘാടകരുടെ പിടിപ്പുകേടാണെന്ന് താരം പറഞ്ഞതിനോട് ഷിയാസ് പ്രതികരിക്കുകയായിരുന്നു. 2019 ലെ വാലൻറ്റൈൻസ് ഡേയിൽ നടക്കാനിരുന്ന പരിപാടിയിൽ നിന്ന് അവസാന നിമിഷം സണ്ണിലിയോണാണ് പിന്മാറിയതെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ തലേ ദിവസം രാത്രി 9 മണിക്ക് പണം വാങ്ങിയശേഷം 11.21ന് പരിപാടിയിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സണ്ണിലിയോൺ പരിപാടിയിൽ നിന്നും പിന്മാറിയതോടെ ഒന്നര കോടി രൂപയിലേറെ നഷ്ടം തനിക്കും പരിപാടി സ്പോൺസർ ചെയ്ത് വടകര സ്വദേശിനിക്കും ഉണ്ടായി എന്നാണ് ഷിയാസ് പറയുന്നത്. പരിപാടിയുടെ സ്പോൺസറായ സ്ത്രീ ഇതേ തുടര്‍ന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും അവരുടെ മക്കൾ കൃത്യസമയത്ത് കണ്ടതുകൊണ്ട് വലിയ ദുരന്തം ഒഴിവാകുകയുമായിരുന്നു. അവരുടെ ഇവന്റ് മാനേജ്മെൻറ് കമ്പനി ആദ്യമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. സണ്ണിലിയോൺ പരിപാടിയിൽ നിന്ന് പിന്മാറിയതോടെ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും വീടും പുരയിടവും ജപ്തി നടപടിയിലേക്ക് പോവുകയും ചെയ്തു. ഹൈക്കോടതിയിൽ നിന്നുള്ള മുൻകൂർ ജാമ്യത്തിലാണ് ഇപ്പോള്‍ തങ്ങള്‍ ജീവിക്കുന്നതെന്നും ഷിയാസ് പ്രതികരിച്ചു.

2018 ലായിരുന്നു ഇന്ത്യൻ ഡാൻസ് ഫിനാലെ എന്ന പേരിൽ സണ്ണിലിയോണിനെ വച്ച് ആദ്യ പരിപാടി പ്ലാൻ ചെയ്തത്. അന്നേ ദിവസം മഴയുണ്ടാകുമെന്ന പ്രവചനത്തെ തുടർന്ന് അന്നത്തെ പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. പിന്നാലെ കേരളത്തിൽ പ്രളയം എത്തിയതോടെ പരിപാടി താൽക്കാലികമായി മാറ്റി വയ്ക്കേണ്ടി വന്നു. അങ്കമാലിയിലെ അഡ്ലക്സിൽ വെച്ചാണ് സണ്ണിലിയോണിന്റെ അടുത്ത പരിപാടി ഷിയാസും സംഘവും പ്ലാൻ ചെയ്തത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ബോളിവുഡിൽ നിന്ന് ഉൾപ്പെടെയുള്ള സംഘം കൊച്ചിയിലെത്തി താമസിക്കുമ്പോഴാണ് സണ്ണിലിയോണ്‍ പരിപാടിയിൽ നിന്നും പിന്മാറുന്നത്. 30 ലക്ഷം രൂപയാണ് ഈ പരിപാടിക്ക് പ്രതിഫലം പറഞ്ഞു ഉറപ്പിച്ചിരുന്നതെങ്കിലും വെള്ളപ്പൊക്കം മൂലം 5 ലക്ഷം രൂപ കുറയ്ക്കാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് പരിപാടി അടുത്തപ്പോൾ 30 ലക്ഷം രൂപ തീർത്തും തരണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു.

സണ്ണി ലിയോണിനെ വെച്ച് ബെഹ്റനില്‍ നടത്താൻ പ്ലാൻ ചെയ്തിരുന്ന പരിപാടിയുടെ അഡ്വാൻസ് തുകയായ 19 ലക്ഷം അവരുടെ കയ്യിൽ ഉണ്ടായിരുന്നപ്പോഴാണ് ഇത്തരത്തിൽ തുകയെ പറ്റി ഒരു വാഗ്‌വാദം ഉണ്ടാവുന്നത്. ബഹ്റനിലെ പരിപാടി സണ്ണി ലിയോണ്‍ ഒരു പോണ്‍സ്റ്റാര്‍ ആണെന്ന പേരില്‍ സർക്കാരിന്റെ അനുമതി ലഭിക്കാതെ നീണ്ടു പോയി. ഈ പരിപാടിയിൽ നിന്നും പിന്മാറാന്‍ സണ്ണിലിയോൺ പറയുന്ന കാരണം ഏഴു ദിവസം മുൻപ് പണം നൽകിയില്ല എന്നുള്ളതാണ്. അങ്ങിനെയെങ്കിൽ ഏഴു ദിവസത്തിനുള്ളിലായിരിക്കണം അവര്‍ പരിപാടി റദ്ദാക്കേണ്ടി ഇരുന്നത്. പകരം പരിപാടിയുടെ തലേ രാത്രി മുഴുവൻ തുകയും കൈപ്പറ്റിയ ശേഷം പരിപാടിയിൽ നിന്നും പിൻവലിയുകയാണെന്ന് ട്വീറ്റ് ചെയ്തത് എന്ത് മര്യാദയുടെ പുറത്താണെന്ന് ഷിയാസ് ചോദിക്കുന്നു. പരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന് ഒന്നരക്കോടി രൂപയോളം ആണ് അന്നേദിവസം ഒറ്റയടിക്ക് നഷ്ടം സംഭവിച്ചത്. പരിപാടി കാണാൻ ടിക്കറ്റ് എടുത്തവർക്ക് എല്ലാം തുക തിരിച്ചു നൽകേണ്ടി വന്നു. പോലീസിൽ 1,70,000 രൂപ കെട്ടി വെക്കേണ്ടി വന്നു.

തിരുവനന്തപുരത്തെ പരിപാടിക്ക് 15 ലക്ഷം രൂപയും കൊച്ചിയിലെ പരിപാടിക്ക് 25 ലക്ഷം രൂപയും ആയിരുന്നു വാക്കു ഉറപ്പിച്ചത്. എന്നാൽ കൊച്ചിയിലെ പരിപാടിക്ക് വേണ്ടി അഞ്ച് ലക്ഷം രൂപ അധികം വേണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു. /പണം നല്‍കിയതിനുശേഷം വീഡിയോ ബൈറ്റും കരാർ ഒപ്പിട്ടതും തരാം എന്ന് പറഞ്ഞിരുന്നു എങ്കിലും അവർ അതും നൽകിയില്ല.വാലൻറ്റൈൻസ് ഡേയുടെ അന്നത്തെ പരിപാടി ഡിസംബർ 31 ന് സണ്ണിലിയോൺ പ്രഖ്യാപിക്കും എന്നാണ് ഇവർ പറഞ്ഞിരുന്നത്. എന്നാൽ അവരുടെ ഭാഗത്തുനിന്നും അത്തരത്തിലുള്ള യാതൊരുവിധ നടപടിയും ഉണ്ടായില്ല. മറിച്ച് ജനുവരി 13നാണ് ഫെബ്രുവരി14 ന് നടക്കേണ്ട പരിപാടിയെപ്പറ്റിയുള്ള അറിയിപ്പ് പുറത്തെത്തിയത്. ഇത് ടിക്കറ്റ് വില്‍പ്പനയെ സാരമായി ബാധിച്ചു. പണം നഷ്ടപ്പെട്ട സംഭവത്തിൽ പരാതി നൽകിയിട്ട് രണ്ടു വർഷം ആയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല. കഴിഞ്ഞ ദിവസം സണ്ണി ലിയോൺ കേരളത്തിൽ എത്തിയ ശേഷമാണ് പൊലീസ് മൊഴിയെടുക്കാൻ തയ്യാറായത്. സണ്ണിലിയോണിന്റെ നിസ്സഹകരണം കൊണ്ട് മാത്രം വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലാണ് താനും പരിപാടിയുടെ സ്പോൺസറുമെന്ന് റിയാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *