പാലക്കാട് സ്വദേശിയാണ് പി ശിവകുമാർ. 16 വർഷം മുമ്പാണ് ശിവകുമാറിന് ജോലി നഷ്ടപ്പെടുന്നത്. ” എനിക്ക് ബി പി എല്ലിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. ശരിക്കും സമ്മർദത്തിലായ ദിവസങ്ങൾ. ” ശിവകുമാർ പറഞ്ഞു.
” എന്റെ സമ്മർദ്ദം ശരിക്കും തിരിച്ചറിഞ്ഞത് ഭാര്യ സന്ധ്യയാണ്. ചെറിയ മുതൽ മുടക്കിൽ ഒരു ബിസിനസ് തുടങ്ങാം എന്ന് സന്ധ്യ പറഞ്ഞു. ”
അങ്ങനെയാണ് ഭാര്യയും ഭർത്താവും അരി കൊണ്ട് ഉണ്ടാക്കുന്ന കൊണ്ടാട്ടം ഒരു കച്ചവട വസ്തുവായി കണ്ടുതുടങ്ങിയത്. ചെറുപ്പകാലത്ത് അമ്മ ശിവകുമാറിന് ധാരാളം കൊണ്ടാട്ടം ഉണ്ടാക്കി കൊടുക്കുമായിരുന്നു.ഭാര്യ സന്ധ്യ ആകട്ടെ നല്ലൊരു പാചക വിദഗ്ധയും.ഈ രണ്ടു സ്ത്രീകളുടെ സഹായത്തോടെ ശിവകുമാർ കൊണ്ടാട്ടം ഉണ്ടാക്കാൻ ആരംഭിച്ചു.
” ആദ്യമൊക്കെ ചെറിയതോതിൽ ആണ് കൊണ്ടാട്ടം ഉണ്ടാക്കിയത്. അത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകി. മികച്ച പ്രതികരണമാണ് അവരിൽനിന്ന് ഉണ്ടായത്. ” ശിവകുമാർ ഓർക്കുന്നു.
2005ലാണ് അമൃത ഫുഡ്സ് തുടങ്ങുന്നത്. ചെറിയ മുടക്കുമുതൽ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിലുണ്ടാക്കുന്നതുപോലെതന്നെ വ്യാവസായികാടിസ്ഥാനത്തിൽ ഉണ്ടാക്കണമെന്ന് ദമ്പതികൾക്ക് നിർബന്ധമുണ്ടായിരുന്നു. ഇപ്പോൾ പത്ത് വിധത്തിലുള്ള കൊണ്ടാട്ടം അമൃത ഫുഡ്സ് ഉണ്ടാക്കി വിൽക്കുന്നുണ്ട്.
” തുടക്കത്തിൽ നിരവധി കടകളിൽ ഈ ഉൽപ്പന്നം വിറ്റഴിക്കാൻ കയറിയിറങ്ങി. ആർക്കും വലിയ താല്പര്യം ഉണ്ടായിരുന്നില്ല. വീട്ടിലുണ്ടാക്കിയ കൊണ്ടാട്ടം ആണെന്ന് ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു. കടക്കാരെ ബോധ്യപ്പെടുത്താൻ കുറച്ചുകാലം വേണ്ടിവന്നു. പിന്നീടവർ പതിയെ അമൃത ഫുഡ്സ് ഉൽപ്പന്നങ്ങൾ വാങ്ങാൻ തുടങ്ങി. ഇന്ന് പാലക്കാട് മിക്ക സൂപ്പർമാർക്കറ്റുകളിലും സാധാരണ കടകളിലും ഉൽപന്നങ്ങൾ ലഭ്യമാണ്. ” ശിവകുമാർ പറയുന്നു.
കൊണ്ടാട്ടത്തിൽ എന്തൊക്കെ ചേർക്കണം എന്ന് തീരുമാനിക്കുന്നത് ശിവകുമാറിന്റെ അമ്മയാണ്. അമ്മ പിന്നീട് റെസിപ്പി മരുമകൾക്ക് പറഞ്ഞുകൊടുത്തു. സന്ധ്യയാണ് പാചകത്തിന്റെ മേൽനോട്ടം.
” കൊണ്ടാട്ടം വീട്ടിൽ ഉണ്ടാക്കാൻ എളുപ്പമാണ്. പക്ഷേ തിരക്കേറിയ ജീവിതത്തിൽ ആരും അതിന് മെനക്കെടുന്നില്ല. വീട്ടിലുണ്ടാക്കിയ കൊണ്ടാട്ടം എല്ലാവരുടെയും തീൻമേശയിൽ എത്തിക്കുകയാണ് ഞങ്ങളുടെ ജോലി.”ശിവകുമാർ പറഞ്ഞു