NEWS

തലപ്പാടി സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഉള്ളാള്‍ കടല്‍തീരത്ത് തള്ളി; പൊലീസ് കേസെടുത്തതോടെ സുഹൃത്ത് മുങ്ങി

മംഗളൂരു: തലപ്പാടി സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഉള്ളാളിലെ കോട്ടെപുര കടല്‍ത്തീരത്ത് തള്ളിയ സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. തലപ്പാടിയിലെ നാരായണ ഭണ്ഡാരിയുടെ മകന്‍ തിതേഷ് പൂജാരി(28)യെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഫെബ്രുവരി മൂന്നിന് ഉച്ചയോടെയാണ് തിതേഷിന്റെ മൃതദേഹം കോട്ടെപുര കടല്‍ത്തീരത്ത് കണ്ടെത്തിയത്.

തിതേഷിന്റെ തലക്ക് മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം ആസ്പത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നു. തലക്കടിയേറ്റാണ് തിതേഷ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലക്കുറ്റത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. തിതേഷ് പൂജാരിയുടെ സഹോദരന്‍ നിത്യാന്ദ ഭണ്ഡാരി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിതേഷ് പൂജാരിക്കൊപ്പം സുഹൃത്തായ രമേശ് എന്നയാളും ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. രമേശിനെ പൊലീസ് അന്വേഷിച്ച് വീട്ടില്‍ ചെന്നപ്പോള്‍ ഇയാള്‍ സ്ഥലത്തില്ലെന്ന് വ്യക്തമായി.

Signature-ad

തിതേഷിന്റെ മരണത്തോടെ രമേശ് നാട്ടില്‍ നിന്ന് മുങ്ങിയത് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്. തലപ്പാടിയിലെ സലൂണിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തിതേഷിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പൊലീസിന് പിടികൊടുക്കാതിരുന്നതിനാല്‍ തിതേഷിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പൊലീസ് പിടികൂടുമെന്ന് ഭയന്ന് തിതേഷ് തലപ്പാടിയിലേക്ക് പോകാതെ ഉള്ളാളില്‍ തന്നെ കഴിയുകയായിരുന്നു. ഇതിനിടെയാണ് കൊലപാതകം നടന്നത്. രമേശിനെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Back to top button
error: