LIFETRENDING

ജോമോൻ പുത്തൻപുരക്കലിന്റെ ജീവിതം സിനിമയാകുന്നു: സംവിധാനം രാജസേനൻ

അഭയാ കേസിൽ നിയമ പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരക്കലിന്റെ ജീവിതം സിനിമയാകുന്നു. സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിക്കാൻ അശ്രാന്ത പരിശ്രമം നടത്തിയ ജോമോൻ പുത്തൻപുരക്കലിന്റെ ജീവിതം സിനിമയാക്കുന്നത് ഹിറ്റ് മേക്കറായ രാജസേനനാണ്. ജോമോൻ പുത്തൻപുരക്കലും രാജസേനനും തമ്മിൽ ഇതിനു വേണ്ട കരാർ ഒപ്പിട്ടു കഴിഞ്ഞു. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജസേനന്‍ മറ്റൊരു സിനിമ സംവിധാനം ചെയ്യുന്നത്. നാലുമാസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കൊള്ളാം എന്ന വ്യവസ്ഥയിലാണ് ജോമോൻ പുത്തൻപുരയ്ക്കൽ തന്റെ കഥ സിനിമയാക്കാന്‍ സമ്മതം അറിയിച്ചിരിക്കുന്നത്.

ഒരു കാലത്ത് മലയാളത്തിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനായിരുന്നു രാജസേനൻ. ജയറാം രാജസേനൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം അക്കാലത്തെ വലിയ വിജയങ്ങളായിരുന്നു. പിൽക്കാലത്ത് തന്റെ ഹിറ്റ് ചരിത്രം ആവർത്തിക്കാൻ രാജസേനന് കഴിയാതെ പോയിരുന്നു. സംവിധാധം ചെയ്ത ചിത്രങ്ങളുടെ തകർച്ചയും തന്റെ രാഷ്ട്രീയ നിലപാടിന്റെ പേരിൽ കേൾക്കേണ്ടിവന്ന പഴിയും അദ്ദേഹത്തെ ഒരുപാട് പിന്നിലേക്ക് വലിച്ചിരുന്നു. 2011 ല്‍ റിലീസ് ചെയ്ത ”ഇന്നാണ് ആ കല്യാണം” ആണ് രാജസേനന്റേതായി അവസാനം തീയ്യേറ്ററുകളിൽ എത്തിയ ചിത്രം.

ജോമോൻ പുത്തൻപുരയ്ക്കൽ അഭയകേസിൽ നടത്തിയ ഇടപെടലുകളെക്കുറിച്ചും അശ്രാന്തപരിശ്രമത്തെക്കുറിച്ചുമായിരിക്കും ചിത്രം സംസാരിക്കുക. അഭയ കൊലക്കേസിനെ ആസ്പദമാക്കി മുൻപ് സുരേഷ് ഗോപി നായകനായ ക്രൈം ഫയൽ എന്ന ചിത്രവും പ്രദർശനത്തിനെത്തിയിരുന്നു.

Back to top button
error: