Lead NewsNEWSVIDEO

കർഷകരെ നേരിടാൻ പഞ്ചി സ്റ്റിക്കുമായി കേന്ദ്രം

വിവാദ കാർഷിക നിയമവുമായി ബന്ധപ്പെട്ട സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരെ നേരിടാൻ അന്താരാഷ്ട്ര ഉടമ്പടിയിൽ നിരോധിച്ച പഞ്ചി സ്റ്റിക്കുമായി കേന്ദ്രം. ഇവയ്ക്ക് പുറമേ വലിയ ബാരിക്കേഡുകളും ആയുധങ്ങളും കയ്യിൽ കരുതിയാണ് കർഷകരെ നേരിടാൻ പോലീസ് വിന്യസിച്ചിരിക്കുന്നത്. സമാധാനപരമായി സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരെ നേരിടാൻ എന്തിനാണ് ഇത്രയധികം ആയുധങ്ങൾ പോലീസിന്റെ കയ്യിൽ എന്നുള്ളതാണ് സംശയത്തിന് ഇട വരുത്തുന്നത്. കർഷകർക്കെതിരെ കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം പൊലീസ് ആഞ്ഞടിക്കുബോഴും ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും കർഷകർക്ക് പിന്തുണയുമായി പ്രമുഖർ രംഗത്തെത്തിയിരിക്കുകയാണ്.

ഡൽഹിയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത് ”പ്രധാനമന്ത്രി നിങ്ങൾ കർഷകരുമായി യുദ്ധത്തിന് ഒരുങ്ങുകയാണോ” എന്നായിരുന്നു. കൂര്‍ത്ത ഇരുമ്പ് ദണ്ഡുകൾ നിലത്ത് ഉറപ്പിച്ചു വെച്ചിരിക്കുന്നതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അന്താരാഷ്ട്ര ഉടമ്പടിയായ ജനീവ കൺവെൻഷനിൽ നിരോധിക്കപ്പെട്ട പഞ്ചി സ്റ്റിക്കുകളാണ് ഇവയെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. 1980 കളിൽ നിരോധിക്കപ്പെട്ട പഞ്ചി സ്റ്റിക്കുകൾ എന്തിനു വേണ്ടിയാണ് കേന്ദ്ര സർക്കാർ കർഷകർക്ക് നേരെ പ്രയോഗിക്കുന്നത് എന്ന ചോദ്യവും നിലവിൽ ഉയർന്നു കേൾക്കുന്നുണ്ട്.

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം അതിർത്തിയിൽ പോലീസ് സ്ഥാപിച്ചിട്ടുള്ള പഞ്ചി സ്റ്റിക്കുകൾ കർഷകർക്ക് മാരക പരിക്കുകൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്. ഇത്തരം ഇരുമ്പുദണ്ഡുകളില്‍ വിഷം പുരട്ടിയും ശത്രുക്കൾക്ക് നേരെ പ്രയോഗിക്കാറുണ്ട്. സമാധാനപരമായി സമരം ചെയ്യുന്ന കർഷകർക്ക് നേരെ എന്തിനാണ് ഇത്ര കിരാതമായ യുദ്ധമുറകൾ പ്രയോഗിക്കുന്നത് എന്ന വലിയ വിമർശനവും കേന്ദ്ര സര്‍ക്കാരിനെതിരെ ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ കര്‍ഷകര്‍ക്കെതിരെ ഡൽഹി പോലീസ് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് ദണ്ഡുകൾക്ക് അനുമതി നൽകിയിട്ടില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Back to top button
error: