നിയമസഭയിലേക്ക് രണ്ട് ടെം മത്സരിച്ചവരെ പരിഗണിക്കേണ്ട എന്ന സിപിഐഎം തീരുമാനം പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ ഒരു വലിയ നിരയെ തന്നെ മത്സര രംഗത്ത് നിന്ന് മാറ്റി നിർത്തും. നിരവധി മുതിർന്ന നേതാക്കളും എംഎൽഎമാരും മാറി നിൽക്കേണ്ടിവരും.
തുടർച്ചയായി നാലുവട്ടം മലമ്പുഴയിൽ നിന്ന് മത്സരിച്ച വിഎസ് അച്യുതാനന്ദൻ അല്ലെങ്കിലും മത്സരരംഗത്ത് ഉണ്ടാകില്ല എന്ന് ഉറപ്പാണ്. ആരോഗ്യപ്രശ്നങ്ങൾ മൂലം സജീവ രാഷ്ട്രീയരംഗത്ത് വിഎസ് ഇപ്പോൾ ഇല്ല.
മന്ത്രിമാരിൽ കെ ബാലൻ, ജി സുധാകരൻ, ടി എം തോമസ് ഐസക്, ഇ പി ജയരാജൻ, സി രവീന്ദ്രനാഥ് എന്നിവർ രണ്ട് ടെം പൂർത്തിയാക്കിയവരാണ്. ആറ്റിങ്ങലിൽ ബി സത്യൻ,കൊട്ടാരക്കരയിൽ ഐഷ പോറ്റി, ചാലക്കുടിയിൽ ബി ഡി ദേവസി, ബാലുശ്ശേരിയിൽ പുരുഷൻ കടലുണ്ടി, പയ്യന്നൂരിൽ സി കൃഷ്ണൻ,കൊയിലാണ്ടിയിൽ കെ ദാസൻ, കല്യാശ്ശേരിയിൽ ടി വി രാജേഷ്, തളിപ്പറമ്പിൽ ജയിംസ്മാത്യു,ഉദുമയിൽ കെ കുഞ്ഞിരാമൻ എന്നിവരും രണ്ട് ടെം പൂർത്തിയാക്കിയവർ ആണ്.
റാന്നിയിൽ രാജു എബ്രഹാം, ദേവികുളത്ത് എസ് രാജേന്ദ്രൻ, ഗുരുവായൂരിൽ കെ വി അബ്ദുൽ ഖാദർ, പൊന്നാനിയിൽ പി ശ്രീരാമകൃഷ്ണൻ, കോഴിക്കോട് നോർത്തിൽ എ പ്രദീപ്കുമാർ എന്നിവരും രണ്ട് ടെം പൂർത്തിയാക്കി. എന്നാൽ ഇവരെയൊക്കെ ഒരുമിച്ച് മാറ്റിനിർത്തുക സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം എളുപ്പമാകില്ല. പ്രാദേശിക സാഹചര്യം കൂടി കണക്കിലെടുത്താകും തീരുമാനം.