Lead NewsNEWSVIDEO

കേരളത്തിൽ കോവിഡ് രൂക്ഷം: കേന്ദ്രസംഘം എത്തുന്നു

രാജ്യത്തെ ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ 70% കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് റിപ്പോർട്ട്. കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായ സാഹചര്യത്തിൽ സംസ്ഥാന ഗവൺമെൻറ് കർശനമായ നിയന്ത്രണങ്ങളും നടപടികളും എടുക്കാൻ തീരുമാനം കൈക്കൊണ്ടിരുന്നു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നിർദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ അനുസരിക്കണമെന്ന് സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് വന്നിരുന്നു. ഇന്നലെ കേരളത്തില്‍ 3459 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 69,207 ആണ്. കേരളത്തിൽ ഇന്നലെ 33,579 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,909 പേരാണ് നിരീക്ഷണത്തിലുള്ളത്.

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവുന്ന സാഹചര്യത്തിലാണ് പ്രത്യേകസംഘത്തെ കേന്ദ്രസർക്കാർ അയക്കുന്നത്. കേരളത്തിലേക്ക് എത്തുന്ന പ്രത്യേക സംഘത്തിന് നേതൃത്വം നൽകുന്നത് ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആയിരിക്കും. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്നിട്ടായിരിക്കും കേന്ദ്ര സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തലാണ് കേന്ദ്ര സംഘത്തിന്റെ പ്രധാന ചുമതലയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ റീജിയണൽ ഓഫീസിലെ വിദഗ്ധരും ഡൽഹി ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിലെ പ്രവർത്തകരും ചേരുന്നതാണ് പ്രത്യേക സംഘം. കേരളത്തിലേതിന് സമാനമായി കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലേക്കും പ്രത്യേക സംഘത്തെ കേന്ദ്രസർക്കാർ അയച്ചിട്ടുണ്ട്.

Back to top button
error: