Lead NewsNEWS

മിന്ത്രയുടെ ലോഗോ അശ്ലീലമോ? പുലിവാൽ പിടിച്ച് കമ്പനി

ഓൺലൈൻ വസ്ത്രവ്യാപാര പോർട്ടലായ മിന്ത്രയുടെ ലോഗോ അശ്ലീലമെന്ന് പരാതി. സ്ത്രീകളെ ആക്ഷേപിക്കുന്നത് ആണ് ലോഗോ എന്നാണ് പരാതി. മുംബൈ പോലീസിന് മുന്നിൽ പരാതി എത്തിയതോടെ ലോഗോയിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് മിന്ത്ര.

സ്ത്രീശരീരത്തെ ആക്ഷേപകരമായ രീതിയിൽ ചിത്രീകരിക്കുന്നതാണ് ലോഗോ എന്നാണ് പരാതി. അവസ്ത ഫൗണ്ടേഷനു വേണ്ടി നാസ് പട്ടേലാണ് പരാതിയുമായി രംഗത്തെത്തിയത്. ലോഗോ മാറ്റണം എന്നാണ് ഇവരുടെ ആവശ്യം.

Signature-ad

പരാതി മുംബൈ പോലീസ് വിശദമായി പരിശോധിച്ചു. തുടർന്ന് പരാതി സ്വീകരിക്കാൻ തീരുമാനിച്ചു. ഇതോടെ സംഗതിയുടെ ഗൗരവം മനസ്സിലാക്കിയ മിന്ത്ര ലോഗോ മാറ്റാമെന്ന് സമ്മതിക്കുകയായിരുന്നു. ഒരു മാസമാണ് ലോഗോ മാറ്റാൻ വേണ്ടി മിന്ത്ര ചോദിച്ചിരിക്കുന്നത്. പരസ്യത്തിൽ അടക്കം ഈ ലോഗോ മാറ്റം പ്രതിഫലിക്കണം. അതുകൊണ്ടാണ് സമയം ചോദിച്ചിരിക്കുന്നത്. വെബ്സൈറ്റിൽ അടക്കം ഈ ലോഗോ മാറ്റം നിലവിൽ വരണം.

നാസ് പട്ടേൽ ഇതാദ്യം ആയിട്ടല്ല മിന്ത്രയുമായി ബന്ധപ്പെട്ട് പരാതി ഉന്നയിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പലതവണ നാസ് പട്ടേൽ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അധികൃതർ ഇത് കേൾക്കാത്ത ഭാവം നടിക്കുകയായിരുന്നു. നാസ് പട്ടേലിന്റെ പരാതിയെതുടർന്ന് മുംബൈ പോലീസ് സൈബർ വിഭാഗം അധികൃതർക്ക് – മെയിൽ അയച്ചു. തുടർന്നാണ് മിന്ത്രയുടെ പ്രതിനിധി നേരിട്ടെത്തി വിശദീകരണം നൽകിയത്.

കമ്പനിയുടെ പേരിന്റെ ആദ്യാക്ഷരമായ എം ആണ് ലോഗോ. എന്നാൽ ഈ എമ്മിന് പ്രത്യേക നിറങ്ങൾ നൽകിയതാണ് വിവാദമായത്. നഗ്നമായ സ്ത്രീശരീരത്തെ വൃത്തികേടായി ചിത്രീകരിക്കുന്നതാണ് ലോഗോ എന്നാണ് ആരോപണം.

എന്നാൽ സോഷ്യൽ മീഡിയ നാസ് പട്ടേലിനു എതിരെയും തിരിഞ്ഞിട്ടുണ്ട്. നാസ് പട്ടേലിന്റേത് പബ്ലിസിറ്റി സ്റ്റണ്ട് ആണ് എന്നാണ് ആരോപണം. സാധാരണക്കാർക്ക് ഈ ലോഗോയിൽ അശ്ലീലം കണ്ടെത്താനാകുന്നില്ലെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു.

ഇന്ത്യയിൽ ഓൺലൈൻ വസ്ത്രവ്യാപാര രംഗത്ത് മുൻനിര സ്ഥാപനമാണ് മിന്ത്ര. ഫ്ലിപ്കാർട്ട് ആണ് മിന്ത്രയുടെ ഉടമസ്ഥൻ. മിന്ത്രയുടെ ട്രാഫിക്കിൽ വലിയ വർധനയാണ് കൊവിഡ് കാലത്ത് ഉണ്ടായിരിക്കുന്നത്. 2019 നെ അപേക്ഷിച്ച് 2020 ൽ 51% വർധന ട്രാഫിക്കിൽ ഉണ്ടായി. വാർഷിക വ്യാപാര പദ്ധതിയുടെ ഭാഗമായി അഞ്ചു ദിവസം കൊണ്ട് ഒരു കോടിയിലധികം രൂപയുടെ വ്യാപാരം നടത്തി മിന്ത്ര ഈയിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

Back to top button
error: