Lead NewsNEWS

മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വകേരളം-യുവകേരളം- ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ആശയസംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ 5 സര്‍വ്വകലാശാല ക്യാമ്പസുകളില്‍ ഫെബ്രുവരി 1 ,6, 8, 11, 13 തീയതികളിലാണ് പരിപാടി.

ഫെബ്രുവരി 1ന് കുസാറ്റിലും 6ന് കേരള സര്‍വ്വകലാശാലയിലും 8-ാം തീയതി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലും 11ന് കാലിക്കറ്റിലും 13-ാം തീയതി കണ്ണൂര്‍ സര്‍വ്വകലാശാലയിലുമാണ് ആശയസംവാദം നടക്കുന്നത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥി പ്രതിഭകള്‍ സംവാദത്തില്‍ പങ്കെടുക്കും. 200 വിദ്യാര്‍ത്ഥികള്‍ ഓരോ പരിപാടിയിലും നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈനായുമാണ് പങ്കെടുക്കുന്നത്.

ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എങ്ങനെയായിരിക്കണം എന്ന വിഷയത്തിൽ വിദ്യാര്‍ത്ഥികള്‍
നിര്‍ദ്ദേശം സമര്‍പ്പിക്കും. ജോണ്‍ ബ്രിട്ടാസ്, വീണാ ജോര്‍ജ്ജ് എം.എല്‍.എ, അഭിലാഷ് മോഹന്‍, നികേഷ് കുമാര്‍, ജി.എസ്. പ്രദീപ് തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പരിപാടിയില്‍ അവതാരകരായി എത്തും.

പരിപാടിയോനുബന്ധിച്ച് ജി.എസ്. പ്രദീപിന്റെ ‘ഇന്‍സ്പയര്‍ കേരള’ എന്ന പ്രത്യേക ഷോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 1ന് കുസാറ്റില്‍ കുസാറ്റ്, കെ.ടി.യു, ആരോഗ്യസര്‍വ്വകലാശാല, ന്യുവാല്‍സ്, ഫിഷറീസ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 6-ാം തീയതി കേരളസര്‍വ്വകലാശാലയില്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളിലേയും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുക്കും. 8-ാം തീയതി മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നടത്തുന്ന പരിപാടിയില്‍ എം.ജി, സംസകൃത സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

11ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കാലിക്കറ്റ്, കാര്‍ഷിക സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല, കലാമണ്ഡലം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി പ്രതിഭകള്‍ പരിപാടിയുടെ ഭാഗമാകും. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ 13-ാം തീയതിയിലെ മീറ്റില്‍ കണ്ണൂരിന് പുറമേ കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല, വെറ്റിനറി സര്‍വ്വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

Back to top button
error: