നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മിക്ക പാര്‍ട്ടികളും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലാണ്. ഇക്കുറി മുസ്ലീം ലീഗില്‍ നിന്ന് വനിതാ സ്ഥാനാര്‍ത്ഥികളുണ്ടാകുമോ എന്ന ചോദ്യങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും കൃത്യമായൊരു ഉത്തരം ലീഗിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നില്ല. വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകില്ലെന്ന സൂചനയായിരുന്നു നേരത്തെ കെപിഎ മജീദ് നല്‍കിയത്. എന്നാല്‍ ഇപ്പോഴിതാ ഈ അഭിപ്രായം മാറ്റിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.
സമൂഹമാധ്യമങ്ങളില്‍ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കില്‍ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് മജീദ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗില്‍ നിന്ന് വനിതാ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന അഭിപ്രായമാണ് അദ്ദേഹം മുന്നോട്ട് വെച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് നേതൃത്വപദവി എല്ലാ പാര്‍ട്ടികളും നല്‍കുന്നുണ്ട്. ആ ഒരു പരിഗണന നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യൂത്ത് ലീഗിന് അര്‍ഹമായ പരിഗണന ലഭിക്കും. എത്ര സീറ്റുകളെന്നത് തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തെക്കുറിച്ചെല്ലാം പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. യൂത്ത് ലീഗില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയതായും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പറയാതെ പറഞ്ഞത് നിയസഭാ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഫാത്തിമ തഹ്ലിയയെ ആണെന്നാണ് മജീദ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഫാത്തിമ അല്ലെങ്കില്‍ മറ്റൊരു വനിതാ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നാണ് മുനവ്വറലി നല്‍കുന്ന സൂചന. മലപ്പുറം ജില്ലയില്‍നിന്നോ, കോഴിക്കോട് ജില്ലയില്‍നിന്നാ ആകും വനിതാ സ്ഥാനാര്‍ത്ഥിക്ക് സീറ്റു നല്‍കുകയെന്നും സൂചനയുണ്ട്.
അതിനാല്‍ ഈ സൂചന ലഭിച്ചതോടെ നിരവധി വനിതാ ലീഗ് ഭാരവാഹികളാണ്
സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തിറങ്ങിയിട്ടുള്ളത്. രണ്ട് വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുകയാണെങ്കില്‍ ഒരു സീറ്റ് എം.എസ്.എഫിലെ വനിതക്ക് നല്‍കണമെന്ന് ലീഗ് വനിതാവിദ്യാര്‍ത്ഥി സംഘടനയായ ഹരിതയുടെ നേതാക്കള്‍ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു.
അതേസമയം, വനിത സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് അറിഞ്ഞതോടെ മുസ്ലിം ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയുടെ മുന്‍ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ഫാത്തിമ തഹ്ലിയ സ്വയം പി.ആര്‍ വര്‍ക്ക് നടത്തുന്നതായി വനിതാലീഗില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍ തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച തഹ്ലിയ നിലവില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് പുറമേ കോഴിക്കോട് ജില്ല കോടതിയില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്നുണ്ട്.
സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫാത്തിമ തഹ്ലിയ ഖമറുന്നീസ അന്‍വര്‍, നൂര്‍ബീന റഷീദ്, കുത്സു ടീച്ചര്‍ എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവര്‍. മുന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനിത ലീഗ് നേതാവുമായ സുഹറ മമ്പാട്, വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷന്‍ അംഗവും സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഡറയറക്ടറുമായിരുന്ന അഡ്വ. നൂര്‍ബിന റഷീദ്, മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെ ദേശീയ വൈസ് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ തുടങ്ങി മൂന്ന് പേരുകള്‍വച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
മുമ്പ് 1996ല്‍ കോഴിക്കോട്-2 ല്‍നിന്നും ഖമറുന്നീസ അന്‍വര്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ മൂന്നു പതിറ്റാണ്ടുകാലമായി മുസ്ലിംലീഗ് രാഷ്ട്രീയത്തില്‍ സജീവമായുള്ള നൂര്‍ബിന റഷീദിനാണ് കൂടുതല്‍ സാധ്യതയുള്ളത്. 10വര്‍ഷം കോഴിക്കോട് കോര്‍പ്പറേഷനില്‍ ജനപ്രതിനിധിയായിരുന്ന നൂര്‍ബിനയെ കഴിഞ്ഞ തവണയും നിയമസഭയിലേക്കു പരിഗണിക്കാനുള്ള സാധ്യതാചര്‍ച്ചകളുണ്ടായിരുന്നെങ്കിലും അവസാനം ഇതു നടക്കാതെ പോകുകയായിരുന്നു. കോഴിക്കോട് ബാറിലെ സജീവമായ അഭിഭാഷക കൂടിയാണ് നൂര്‍ബിന. അതോടൊപ്പം ഇപ്പോള്‍ പൊതുപ്രവര്‍ത്തന രംഗത്തും സജീവമാണ്.
മുമ്പും വനിതാ സ്ഥാനാര്‍ത്ഥി മത്സരിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ലീഗിന്റെ വനിതാ എംഎല്‍എയാകാനുള്ള സാധ്യത ആര്‍ക്കാണെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.