ആശിച്ചു വാങ്ങിയ സൈക്കിൾ മോഷ്ടിക്കപ്പെട്ടതിന്റെ സങ്കടത്തിൽ ഇരിക്കുന്ന കണിച്ചേരി വീട്ടിലേക്ക് പുതിയ സൈക്കിൾ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് കോട്ടയം ജില്ലാ കളക്ടർ എം അഞ്ജന നേരിട്ടെത്തി സുനീഷിന്റെ മകന് സൈക്കിള്‍ നല്‍കിയത്. ഭിന്നശേഷിക്കാരനായ സുനീഷ് തന്റെ മകൻ ജസ്റ്റിന് വാങ്ങി നൽകിയ സൈക്കിളാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി വീട്ടുമുറ്റത്ത് നിന്നും മോഷണം പോയത്. ആരുടെയെങ്കിലും കയ്യിലോ ഏതെങ്കിലും ആക്രിക്കടയിലോ കാണുകയാണെങ്കിൽ വിളിച്ച് അറിയിക്കണമെന്ന് അഭ്യർഥിച്ച് സുനീഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് നിരവധി പേർ പങ്കുവച്ചിരുന്നു.
കൈകാലുകള്‍ക്ക് വൈകല്യമുള്ള സുനീഷ് ഒരു കൈകുത്തി കമിഴ്ന്നു നീന്തിയാണ് സഞ്ചരിക്കുന്നത്. വൈകല്യത്തിനു മുന്നിൽ തളരാത്ത മനസ്സുമായി ഉരളിക്കുന്നത്തിനു സമീപം കുരുവിക്കൂട് എന്ന സ്ഥലത്ത് സ്വന്തമായി ഒരു സ്ഥാപനം നടത്തി വരികയായിരുന്ന സുനീഷ് തന്റെ സമ്പാദ്യത്തിൽ നിന്നും മിച്ചം വെച്ച് തുക കൊണ്ടാണ് മകന് സൈക്കിൾ വാങ്ങി നൽകിയത്.
സുനിഷിന്റ വാര്‍ത്ത അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെ ത്തുടർന്നാണ് കോട്ടയം ജില്ലാ കളക്ടർ അഞ്ജന പുതിയ സൈക്കിൾ വാങ്ങി നേരിട്ട് സുനീഷിന്റെ വീട്ടിലെത്തി മകൻ ജസ്റ്റിന് കൈമാറിയത്. ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുത്ത ശേഷമാണ് കോട്ടയം ജില്ലാ കളക്ടർ പുതിയ സൈക്കിൾ വാങ്ങി സുനീഷിന്റെ വീട്ടിലേക്ക് പുറപ്പെട്ടത്. ജസ്റ്റിന്റെ കാണാതായ സൈക്കിളിന്റെ അതേ നിറത്തിലുള്ള പുത്തൻ സൈക്കിളാണ് കളക്ടര്‍ സമ്മാനിച്ചത്. പുതിയ സൈക്കിള്‍ സ്വന്തമായപ്പോൾ ആ കുഞ്ഞ് മനസ്സ് നിറഞ്ഞു ചിരിച്ചു. ഞങ്ങളുടെ സങ്കടം മനസിലാക്കിയ മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്ന് സുനീഷ് പറയുന്നു.