വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയായി. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന നിഗമനത്തിലാണ് സിബിഐ സംഘം എത്തിച്ചേര്‍ന്നത്. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കും.
നൂറിലധികം പേരുടെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ കുടുംബത്തെയും മാനേജര്‍മാരായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി എന്നിവരെ ചോദ്യം ചെയ്തു. കൂടാതെ കലാഭവന്‍ സോബി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ നുണപരിശോധനയ്ക്കും വിധേയരാക്കിയിരുന്നു.എന്നാല്‍ നുണപരിശോധനയില്‍ കലാഭവന്‍ സോബിയുടെയും അര്‍ജുന്റെയും വാദങ്ങള്‍ തെളിയിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തിന് മുമ്പ് ബാലഭാസ്‌കറിന്റെ വാഹനത്തെ ഒരു സംഘം ആക്രമിച്ചെന്നായിരുന്നു കലാഭാവന്‍ സോബിയുടെ വാദം. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍ ഈ രണ്ട് വാദങ്ങളും നുണപരിശോധനയില്‍ തെളിയിക്കാനായില്ലെന്നാണ് സി.ബി.ഐ. നല്‍കുന്നവിവരം.
2018 സെപ്തംബര്‍ 25 നു പുലര്‍ച്ചെ ആണ് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍ പെടുന്നത്. തൃശ്ശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ കഴക്കൂട്ടത്ത് വച്ച് ബാലഭാസ്‌കര്‍ സന്ദര്‍ശിച്ച വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു .ബാലഭാസ്‌കറും കുഞ്ഞും അപകടത്തില്‍ മരിച്ചു .ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.