LIFETRENDING

തീ പോലൊരു പാട്ട്: കൈയ്യടിച്ച് പ്രേക്ഷകര്‍

നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ട് തന്നെ ഏറെ സ്വീകാര്യത കുറഞ്ഞ സമയത്തിനുള്ളിൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നേടി കഴിഞ്ഞു.

അടുക്കള കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷർക്കിടയിൽ ലഭിച്ചത്. ഓൺലൈൻ പ്ലാറ്റ്ഫോമായ നീം സ്ട്രീമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ചിത്രത്തിലെ ”നീയേ ഭൂവിൻ നാദം രൂപം” എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വന്ന പെണ്ണിൻറെ പാട്ട് എന്നാണ് സോഷ്യൽ മീഡിയ ഈ ഗാനത്തെ വിശേഷിപ്പിക്കുന്നത്. നിമിഷ സജയന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ തീവ്രത ഒറ്റ ഗാനത്തിലൂടെ കൊണ്ടുവരാൻ സാധിച്ചുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ധന്യ സുരേഷ് മേനോന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സംഗീത സംവിധായകനായ സൂരജ് കുറുപ്പാണ്. രേണുക അരുൺ ആണ് ”നീയേ ഭൂവിൻ” എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാളുവ ഭാഷയിലുള്ള ഗാനം മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഉപയോഗിക്കുന്നത്.

ഏറെ ശ്രദ്ധേയമായ ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മൃദുല ദേവി എസ് ആണ്. മാത്യൂസ് പുളിക്കന്‍ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനമാലപിച്ചിരിക്കുന്നത് ഹരിത ബാലകൃഷ്ണനും സുലേഖ കാപ്പാടനും ചേർന്നാണ്.

Back to top button
error: