ഔദ്യോഗിക വിഭാഗം എൽഡിഎഫ് വിടുകയെന്ന നിലപാടു കടുപ്പിച്ചതോടെ എൻ.സി.പി പിളര്‍പ്പിന്റെ വക്കിലെത്തി. ഇതു സംബന്ധിച്ച് സംസ്ഥാന ഘടകം ദേശിയ നേതൃത്വത്തിനു കത്തയച്ചതോടെ പാർട്ടിയിൽ അനുരഞ്ജനത്തിനുള്ള സാധ്യതകൾ വിദൂരമായി. യുഡിഎഫിൽ എത്രയും വേഗം ചേക്കേറേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തി സംസ്ഥാന പ്രസിഡന്റ് ടി. പി. പീതാംബരൻ, മാണി സി. കാപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം ദേശീയ പ്രസിഡന്റ് ശരദ് പവാറിന് ഇന്നലെ അടിയന്തര സന്ദേശം അയച്ചു.
അഭിപ്രായം തേടുകയല്ല, തീരുമാനമാണു വേണ്ടതെന്നു സംസ്ഥാന പ്രസിഡന്റ് തന്നെ നിലപാടെടുത്ത സാഹചര്യത്തിൽ പാർട്ടിയിലെ ഭിന്നത പിളർപ്പിന്റെ വക്കിലെത്തി. പക്ഷേ ടി. പി. പീതാംബരൻ, മാണി സി. കാപ്പൻ പക്ഷത്തിന്റെ തീരുമാനത്തെ എ. കെ. ശശീന്ദ്രനും കൂട്ടരും അംഗീകരിക്കുന്നില്ല. മന്ത്രിസ്ഥാനം രാജിവച്ച് യു.ഡി.എഫ് താവളത്തിൽ ചേക്കേറാൻ തയ്യാറല്ല ശശീന്ദ്രനും കൂട്ടരും.
ഇരുപക്ഷത്തെയും ഒരുമിച്ചിരുത്തി പ്രശ്നപരിഹാരമുണ്ടാക്കാൻ 23നു കേരളത്തിലെത്താമെന്നു ശരദ് പവാർ അറിയിച്ചിരുന്നു. മുംബൈയിൽ ബാൽ താക്കറെയുടെ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട ചടങ്ങുള്ളതിനാൽ ഈ മാസം അവസാനത്തോടെ കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിനെ അയയ്ക്കുമെന്നാണ് ഒടുവിലത്തെ വിവരം. ഇരു വിഭാഗവും വേർപിരിയലിനു തയാറായ സാഹചര്യത്തിൽ ആ യോഗം നടക്കുമോയെന്ന് ഉറപ്പില്ല. നാളത്തെ നേതൃയോഗം മുന്നിൽകണ്ട്, നിർവാഹക സമിതിയിലെയും ജില്ലാ കമ്മിറ്റികളിലെയും ഭൂരിപക്ഷ പിന്തുണ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇരുവിഭാഗവും.