Lead NewsNEWS

കർഷക പ്രക്ഷോഭത്തിൽ കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി ആർഎസ്എസ്, പ്രക്ഷോഭം നീണ്ടുപോകുന്നത് ഗുണകരമല്ല

കർഷക പ്രക്ഷോഭത്തിൽ പരസ്യ അഭിപ്രായവുമായി ആർഎസ്എസ്. ഇതാദ്യമായാണ് കർഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പരസ്യ പ്രതികരണം നടത്തുന്നത്. കർഷക പ്രക്ഷോഭത്തിൽ സർക്കാരും കർഷകരും ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കണം എന്ന് ആർഎസ്എസ് സർ കാര്യവാഹക് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു .

ഒരു പ്രക്ഷോഭവും ഇത്രകാലം നീണ്ടുപോകുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ല. പ്രക്ഷോഭം എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതുണ്ട് എന്നും ജോഷി വ്യക്തമാക്കി.

Signature-ad

അവരവരുടെ ഭാഗത്തുനിന്നു നോക്കുമ്പോൾ ഓരോരുത്തരും ശരിയാണെന്ന് തോന്നും. ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ പ്രക്ഷോഭകർ പരിഗണിക്കണം. കർഷകർക്കായി എന്താണ് കൂടുതൽ ചെയ്യാനാകുക എന്ന് സർക്കാരും ചിന്തിക്കണം. സർക്കാരും പ്രക്ഷോഭകരും പരസ്പരം വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം എന്നും ജോഷി വ്യക്തമാക്കി.

ചർച്ച നടക്കുമ്പോൾ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറാകില്ല എന്ന നിലപാട് ശരിയല്ല. ചർച്ചക്ക് തയ്യാറാണെന്ന് സർക്കാർ പറയുന്നു. നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകരും. അങ്ങനെയെങ്കിൽ എങ്ങനെ ഒരു പരിഹാരം ഉണ്ടാകും- ജോഷി ചോദിക്കുന്നു.

പ്രക്ഷോഭത്തിന് വർഗീയ നിറം നൽകാനുള്ള ശ്രമം ആർക്കും ഗുണം ചെയ്യില്ലെന്നും ജോഷി മുന്നറിയിപ്പു നൽകുന്നു. ഖാലിസ്ഥാൻ വാദികളെന്നും മാവോയിസ്റ്റുകളെന്നും ചിലർ ആരോപിക്കുന്നുണ്ട്. എന്നാൽ സർക്കാർ ഇത്തരമൊരു ആരോപണം മുന്നോട്ട് വെച്ചിട്ടില്ല എന്ന് ജോഷി പറഞ്ഞു .

Back to top button
error: