Lead NewsNEWS

കളം പിടിക്കാൻ സിപിഐഎം, നിയമസഭാ തിരഞ്ഞെടുപ്പിൽ കോടിയേരിയും, എം എ ബേബിയും അങ്കത്തിന് ഇറങ്ങുമോ?

നിയമസഭ തെരഞ്ഞെടുപ്പിൽ കളം പിടിക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം മുതിർന്ന നേതാക്കളെ ഉൾപ്പെടെ രംഗത്തിറക്കും എന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പത്ത് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരെ രംഗത്തിറക്കാനാണ് സിപിഎം ആലോചിക്കുന്നത്. കോടിയേരി ബാലകൃഷ്ണനും എം എ ബേബിയും ഉൾപ്പെടെ മത്സരിക്കുന്നതും സജീവ ചർച്ചാവിഷയമാണ്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ ഈ രണ്ട് പൊളിറ്റ്ബ്യൂറോ അംഗങ്ങളെയും പാർട്ടി പരിഗണിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. കൊല്ലം സീറ്റിൽ ആയിരിക്കും എം എ ബേബിയെ പരിഗണിക്കുക.

കണ്ണൂർ ജില്ലയിൽ ആവേശമാകാൻ പി ജയരാജനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കും. പാർട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജൻ മത്സരരംഗത്ത് ഉണ്ടാവില്ല. 2 വട്ടം പൂർത്തിയാക്കിയവരെ ഒഴിവാക്കിയാൽ കണ്ണൂരിൽ പി ജയരാജന് നറുക്കു വീഴും. ഇത് ജില്ലയിൽ പാർട്ടി അണികളെ സജീവമാക്കാൻ സഹായിക്കുമെന്നാണ് സിപിഐഎം വിലയിരുത്തുന്നത്. കണ്ണൂരിൽ കോൺഗ്രസിനെ നേരിടാൻ പി ജയരാജന്റെ സാന്നിധ്യം അനിവാര്യമാണെന്നും പാർട്ടി വിലയിരുത്തുന്നു.

പി കെ ശ്രീമതി,എം വി രാജേഷ്,പി കെ ബിജു എന്നിവരും സ്ഥാനാർഥികളാകും എന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവർ പരാജയത്തിന്റെ രുചി അറിഞ്ഞിരുന്നു. മലമ്പുഴയിലോ,തൃത്താലയിലോ ആകും രാജേഷ് മത്സരിക്കുക. പി ബിജു കോങ്ങാട് നിന്നാകും തെരഞ്ഞെടുപ്പിൽ മത്സരിക്കുക. സംസ്ഥാന സെക്രട്ടേ റിയറ്റംഗം പി രാജീവ് കളമശ്ശേരിയിൽ മത്സരിക്കാനുള്ള സാധ്യതയേറി. മറ്റൊരു സെക്രട്ടറിയറ്റംഗം കെ എൻ ബാലഗോപാൽ കൊല്ലം ജില്ലയിൽ നിന്നും മത്സരിക്കും.

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ തോറ്റ സമ്പത്തിനെ തിരുവനന്തപുരം സീറ്റിൽ പരീക്ഷിക്കാനുള്ള സാധ്യതയേറി. ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും സീറ്റ് പിടിച്ചെടുത്തു കൊണ്ടായിരിക്കും സമ്പത്തിനെ തിരുവനന്തപുരത്ത് പരീക്ഷിക്കുക. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഇത്തവണ മത്സരത്തിന് ഇല്ല എന്നതും പ്രത്യേകതയാണ്. മലമ്പുഴയിൽ വിഎസിന്റെ പിൻഗാമി ആരാകും എന്നത് സംബന്ധിച്ചും ചർച്ചകൾ സജീവമാണ്. എൻ എൻ കൃഷ്ണദാസ് എം ബി രാജേഷ് എന്നിവർക്കാണ് ഇവിടെ മുൻഗണന.

പാർട്ടി തീരുമാനിച്ചാൽ അമ്പലപ്പുഴയിൽ വീണ്ടും മത്സരിക്കുമെന്ന് മന്ത്രി ജി സുധാകരനും വ്യക്തമാക്കിയിട്ടുണ്ട്. കായംകുളത്ത് മത്സരിക്കാൻ ഇല്ലെന്നും കായംകുളത്തെ പാർട്ടിക്കാർ കാലു വരികളാണെന്നും മന്ത്രി ജി സുധാകരൻ കഴിഞ്ഞദിവസം ആക്ഷേപം ഉന്നയിച്ചിരുന്നു.

Back to top button
error: