മോദി വൈകിയാൽ, ആലപ്പുഴ ബൈപാസ് ഉദ്ഘാടനം സ്വന്തം നിലയിൽ ആലോചിക്കേണ്ടി വരുമെന്ന് മന്ത്രി ജി സുധാകരൻ
ആലപ്പുഴ ബൈപ്പാസ് നിർമ്മാണ പ്രവർത്തികൾ പൂർത്തിയായിട്ട് നാളുകൾ കഴിഞ്ഞു. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സമയം കാത്തിരിക്കുകയാണ് അധികൃതർ. ഉദ്ഘാടനം വൈകിപ്പിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും താൻ പൊതുമരാമത്ത് മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാനുള്ള നീക്കങ്ങളാണ് ഇതിനു പിന്നിലെന്നും മന്ത്രി ജി സുധാകരൻ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം ലഭിച്ചില്ലെങ്കിൽ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സ്വന്തം നിലയിൽ ആലോചിക്കേണ്ടി വരും എന്നും മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ ബൈപ്പാസ് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി സുധാകരൻ കഴിഞ്ഞദിവസം കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കു കത്തയച്ചിരുന്നു. ബൈപ്പാസ് ഉദ്ഘാടനം വൈകിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യമായത് ബിജെപി സർക്കാരിന്റെ നേട്ടമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഈ വാദത്തെ മന്ത്രി ജി സുധാകരൻ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു. പാലം ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പൊതുമരാമത്തു മന്ത്രി ജി സുധാകരൻ ഇപ്പോൾ വ്യക്തമാക്കുന്നത്.