പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒറ്റ എഫ്.ഐ.ആറില്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കാന്‍ അനുവാദം തേടി സി.ബി.ഐ കോടതിയെ സമീപിച്ചു. എല്ലാ പരാതികളും ഒറ്റ എഫ്.ഐ.ആറില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് ഡിജിപി 2020 ഓഗസ്റ്റ് 28 ന് സര്‍ക്കുലര്‍ പുറത്ത് വിട്ടിരുന്നു.
എന്നാല്‍ ഹൈക്കോടതി പിന്നീട് പ്രത്യേകം എഫ്.ഐ.ആറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. അന്വേഷണം സി.ബി.ഐ ഏറ്റെടുത്തപ്പോഴും ഈ ഉത്തരവില്‍ മാറ്റം വരുത്തിയിരുന്നില്ല. ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജി 20 ന് പരിഗണിക്കും. ഫലപ്രദമായ അന്വേഷണത്തിനിടയിലുണ്ടാവാന്‍ സാധ്യതയുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെ ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ ഇത്തരത്തിലൊരു നീക്കത്തിന് തയ്യാറായത്.
1368 എഫ്.ഐ.ആറും പ്രത്യേകം അന്വേഷിക്കുകയാണെങ്കില്‍ അറസ്റ്റ് ആവര്‍ത്തിക്കുമെന്നും, കാലതാമസം വരുമെന്നും പ്രതിഭാഗവും അറിയിച്ചു.പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവായിരത്തോളം പരാതിയാണ് ലഭിച്ചിരിക്കുന്നത്. 238 ശാഖകളില്‍ നിന്നായി 1600 കോടി രൂപയോളം തട്ടിപ്പു നടത്തിയതായിട്ടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.