മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്ടോപ് മോഷ്ടിക്കുന്ന യുവാവിനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ 24 കാരൻ തമിഴ് ശെൽവൻ കണ്ണനെ ആണ് ജാംനഗർ പോലീസ് അറസ്റ്റ് ചെയ്തത്. എം പി ഷാ മെഡിക്കൽ കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് ആറ് ലാപ്ടോപ്പുകൾ മോഷണംപോയ കേസിലാണ് അറസ്റ്റ്. മെഡിക്കൽ വിദ്യാർഥികളുടെ അഞ്ഞൂറോളം ലാപ്ടോപ്പുകൾ ആണ് ഇയാൾ മോഷ്ടിച്ചത് എന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
ഡിസംബർ 26ന് ജാംനഗറിൽ എത്തിയ പ്രതി ആദ്യം ഹോട്ടലിൽ മുറിയെടുത്തു. പിന്നീട് പെൺകുട്ടികളുടെ ഹോസ്റ്റലിൽ കടന്നുകയറിയ ഇയാൾ മുറികൾ തുറന്ന് ലാപ്ടോപ്പുകൾ മോഷ്ടിക്കുകയായിരുന്നു.
ഒരു പ്രതികാര കഥയാണ് തമിഴ് ശെൽവന് പൊലീസിനോട് പറയാനുണ്ടായിരുന്നത്. 2015 ൽ ജീവിതത്തിലുണ്ടായ ഒരു ദുരന്ത കഥയുടെ പ്രതികാരമാണ് ലാപ്ടോപ് മോഷണം. ചെന്നൈയിലെ ചില മെഡിക്കൽ വിദ്യാർഥികൾ തമിഴ് ശെൽവന്റെ കാമുകിയുടെ അശ്ലീല വീഡിയോ പകർത്തി ഇന്റർനെറ്റിൽ ഇട്ടിരുന്നു. അന്നുമുതൽ മെഡിക്കൽ വിദ്യാർത്ഥികളോട് തമിഴ് ശെൽവന് പകയാണ്.
ദക്ഷിണേന്ത്യയിലെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നായിരുന്നു ആദ്യ മോഷണങ്ങൾ. പിന്നീട് കേന്ദ്രം ഫരീദാബാദിലേക്ക് ഇദ്ദേഹം മാറ്റി. ഉത്തരേന്ത്യയിലെ മെഡിക്കൽ കോളേജുകളിലും ലാപ്ടോപ്പുകൾ മോഷ്ടിച്ചു. ഇന്റർനെറ്റിൽ നിന്ന് മെഡിക്കൽ കോളേജുകളുടെ വിവരങ്ങൾ ശേഖരിച്ച് അതിനടുത്ത് താമസിച്ച് ലാപ്ടോപ്പുകൾ മോഷണം നടത്തുകയാണ് പതിവ്.