Lead NewsNEWS

കോവിഡും പ്രകൃതി ദുരന്തവും;കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് ഇടിഞ്ഞു

കേരളത്തിലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കോവിഡ് മഹാമാരിയും മറ്റ് പ്രകൃതിദുരന്തങ്ങളുടെ പ്രതിഫലനങ്ങളും തിരിച്ചടിയേല്‍പ്പിച്ച 2020-ല്‍ കേരളത്തിന്റെ വളര്‍ച്ചാനിരക്ക് താഴേക്കാവാന്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49ല്‍ നിന്ന് 3.45 ശതമാനമായി കുറഞ്ഞു. ശമ്പളം, പലിശ, പെന്‍ഷന്‍ ചെലവ് എന്നിവ ഉയര്‍ന്നു. അതിനാല്‍ത്തന്നെ, സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311.37 കോടി രൂപയായി ഉയര്‍ന്നു. ആഭ്യന്തര കടത്തിന്റെ വര്‍ധന 9.91 ശതമാനമാണ്. വിനോദ സഞ്ചാര മേഖലയ്ക്ക് 25,000 കോടി രൂപയുടെ നഷ്ടമാണ് കോവിഡ് വരുത്തിയത്. 2020-ലെ ഒമ്പത് മാസത്തിനിടെയാണ് ഇത്രയും നഷ്ടമുണ്ടായത്. തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Signature-ad

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ്‌വ്യവസ്ഥ 26 ശതമാനം ചുരുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിലക്കയറ്റം സാമ്പത്തിക വിഷമത വര്‍ധിപ്പിച്ചതായും കാണുന്നു. കോവിഡ് കാരണം ആഭ്യന്തര വരുമാനത്തില്‍ 1.56 ലക്ഷം കോടിയുടെ ഇടിവുണ്ടായെന്ന് ധനമന്ത്രി പറഞ്ഞു. പ്രവാസികളുടെ മടങ്ങിവരവും തിരിച്ചടിയായി.

അതേസമയം നെല്ലിന്റെ ഉത്പാദനം വര്‍ധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. 1.52 ശതമാനത്തില്‍ നിന്ന് നെല്ലുത്പാദനം 5.42 ശതമാനമായി ഉയര്‍ന്നു. കര നെല്‍കൃഷി 46 ശതമാനമാണ് വര്‍ധിച്ചത്. പച്ചക്കറി ഉത്പാദനത്തില്‍ 23 ശതമാനത്തിന്റെ വര്‍ധനവുണ്ട്. കാര്‍ഷിക വായ്പ 73,034 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

Back to top button
error: