Lead NewsNEWS

എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാക്‌സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്, വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം: ശില്‍പശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിശ്ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്‌സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിന്‍ എടുത്തിരിക്കേണ്ടത്. ആദ്യഡോസ് എടുത്തു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം. ആ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കൂടിയാണ് രണ്ടാമത്തെ വാക്‌സിന്‍ എടുക്കുന്നതിനുള്ള സമയം നീട്ടിയത്. വാക്‌സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങളുടെ ആശങ്കയും അഭിപ്രായങ്ങളും പങ്കുവയ്ക്കാനാണ് ഇങ്ങനെയൊരു സെമിനാര്‍ സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് വാക്‌സിനേഷന്‍ നടത്തുന്നത്. വാക്‌സിനിലൂടെ മാത്രമേ കൃത്രിമ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കൂ. കേരളം നടത്തിയ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധാരാളം പേര്‍ക്ക് കോവിഡ് വരാതെ സംരക്ഷിക്കാന്‍ സാധിച്ചു. ഈ ആളുകളിലേക്ക് പൂര്‍ണമായി വാക്‌സിന്‍ എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അവര്‍ക്ക് വാക്‌സിനേഷനില്‍ പങ്കെടുക്കാന്‍ കൃത്യമായ സന്ദേശം ലഭിക്കും. രണ്ടാംഘട്ടത്തില്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നാണ് ആഗ്രഹം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും വേണം. എല്ലാവരും വാക്‌സിനെടുത്ത് കോവിഡിനെ തുരത്തിയാല്‍ മാത്രമേ നമുക്ക് സ്വതന്ത്രരായി ജീവിക്കാന്‍ സാധിക്കൂ.

ഒരു വര്‍ഷമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കേരളം. കേരളത്തിന്റെ മികച്ച പ്രതിരോധം കാരണം വൈറസിന്റെ വ്യാപനവും മരണ നിരക്കും കുറയ്ക്കാന്‍ സാധിച്ചു. കോവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വലിയ പ്രവര്‍ത്തനമാണ് നടക്കുന്നത്. ജില്ലകളില്‍ അതത് മന്ത്രിമാര്‍ക്കായിരിക്കും വാക്‌സിനേഷന്റെ ചുമതല. വാക്‌സിന്‍ വിജയകരമായി നടപ്പിലാക്കാന്‍ എല്ലാവരുടേയും പിന്തുണ തേടുന്നതായും മന്ത്രി വ്യക്തമായി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ വിഷയാവതരണം നടത്തിയ ചടങ്ങില്‍ പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. ബി. ഇക്ബാല്‍, മുഖ്യമന്ത്രിയുടെ കോവിഡ്-19 ഉപദേഷ്ടാവ് രാജീവ് സദാനന്ദന്‍, ഡബ്ല്യൂ.എച്ച്.ഒ. പ്രതിനിധി ഡോ. റോഡറിഗോ എച്ച്. ഓഫ്രിന്‍, യൂണിസെഫ് പ്രതിനിധി സുഗത റോയ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.

കോവിഡ് വാക്‌സിന്‍ അടിസ്ഥാന വിവരങ്ങള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, കോവിഡ് വാക്‌സിനും ആരോഗ്യവും എന്ന വിഷയത്തില്‍ എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാര്‍, അസി. പ്രൊഫസര്‍ ഡോ. റിയാസ്, പ്രതിരോധ കുത്തിവയ്പ്പും സാമൂഹ്യ ആരോഗ്യവും എന്ന വിഷയത്തില്‍ മെഡിക്കല്‍ കോളേജ് അസോ. പ്രൊഫസര്‍ ഡോ. ടി.എസ്. അനീഷ്., വാക്‌സിന്‍ വിതരണ സംവിധാനം എന്ന വിഷയത്തില്‍ എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മെഡിക്കല്‍ കോളേജിലെ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത സ്വാഗതവും കേരള എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് നന്ദിയും പറഞ്ഞു.

Back to top button
error: