Lead NewsNEWS

ഇന്ത്യക്കാര്‍ ഗിനി പന്നികളല്ല; കോവാക്‌സിനെതിരെ മനീഷ് തിവാരി

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം അടുത്തിരിക്കെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി. ഇന്ത്യക്കാര്‍ ഗിനി പന്നികളല്ലെന്നും മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തീയാകുന്നതിന് മുമ്പ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ വിതരണം ചെയ്യരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്‌സിന്‍ സ്വീകരിക്കുന്ന ആളിന് ഏത് വാക്‌സിന്‍ വേണമെന്ന് തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിമര്‍ശനവുമായി മനീഷ് രംഗത്തെത്തിയത്.

അതേസമയം, അടിയന്തര ഉപയോഗത്തിനാണ് കോവാക്‌സിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഏത് വാക്‌സിന്‍ എടുക്കണമെന്ന് തീരുമാനിക്കാന്‍ വാക്‌സിന്‍ സ്വീകരിക്കുന്ന ആള്‍ക്ക് സാധിക്കില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇത് വാക്‌സിന്റെ കാര്യക്ഷമതയെ സംബ്ന്ധിച്ച് ആശങ്ക ഉയര്‍ത്തുന്നതായും മനീഷ് തിവാരി പറഞ്ഞു.

Signature-ad

ഇപ്പോള്‍ കോവാക്സിന്‍ വിതരണം ചെയ്യാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണം. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി, വാക്സിന്റെ കാര്യക്ഷമതയും വിശ്വാസ്യതയും തെളിയിക്കപ്പെട്ടതിനു ശേഷം മാത്രം വാക്സിന്‍ വിതരണം നടത്തണം. ജനങ്ങളെ പൂര്‍ണ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോവാക്സിന്‍ കുത്തിവെക്കുന്നത് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാക്കി മാറ്റാന്‍ പാടില്ല. ഇന്ത്യക്കാര്‍ ഗിനി പന്നികളല്ല, അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ കോവാക്‌സിനും പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പ്പാദിപ്പിക്കുന്ന കോവിഷീല്‍ഡിനുമാണ് ഉപയോഗത്തിന് അനുമതി.

അതേസമയം, കോവിഡ് വാക്സിനുമായുള്ള ആദ്യ വിമാനം ഇന്ന് കൊച്ചിയിലെ നെടുംമ്പാശേരി വിമാനത്താവളത്തിലെത്തി. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള ആദ്യ ലോഡാണ് കൊച്ചിയിലെത്തിയത്. മറ്റ് ജില്ലകളിലേക്ക് ഇന്ന് തന്നെ വാക്സിന്‍ അയക്കും. നെടുമ്പാശേരിയില്‍ നിന്നും വാക്സിന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജനല്‍ വാക്സിന്‍ സ്റ്റോറിലേക്കാവും മാറ്റുക. ഇവിടെ നിന്നാണ് മറ്റ് ജില്ലകളിലേക്ക് അയക്കുക. കോഴിക്കോട്ടേക്ക് റോഡ് മാര്‍ഗവും തിരുവനന്തപുരത്തേക്ക് വൈകിട്ടത്തെ ഇന്‍ഡിഗോ വിമാനത്തിലുമാണ് അയക്കുക.

നാളെയോടെ സംസ്ഥാനങ്ങളിലെല്ലാം കൊവിഡ് വാക്സിന്‍ എത്തും. നാലാഴ്ചക്കും ആറാഴ്ചക്കും ഇടയില്‍ രണ്ടാം ഡോസ് നല്‍കാനാണ് ഡ്രഗ്സ് കണ്ട്രോളര്‍ തീരുമാനിച്ചിരുന്നതെങ്കിലും വൈകിക്കേണ്ട എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു. അതുകൊണ്ട് കൃത്യം 28 ആം ദിവസം തന്നെ രണ്ടാം ഡോസ് സ്വീകരിക്കണം. രണ്ടാം ഡോസ് സ്വീകരിച്ച് പതിനാലാം ദിവസമാണ് പ്രതിരോധശേഷി ഉണ്ടാകുക എന്ന് ബോധവല്‍ക്കരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇടതു തോളിലാണ് വാക്സിന്‍ കുത്തിവയ്ക്കുക. ജില്ലാകേന്ദ്രങ്ങളില്‍ വാക്സിന്‍ എത്തിയതിനുശേഷം ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നടത്തേണ്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എപ്പോള്‍ എവിടെ എത്തണം എന്ന സന്ദേശം ലഭിക്കും. ഇതനുസരിച്ച് എത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കണം.

Back to top button
error: