കേന്ദ്രസര്ക്കാരിന്റെ ‘പഠന ലിഖനാ അഭിയാൻ’ എന്ന സാക്ഷരതാ സ്കീമിൽ കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഈ വിവരം അറിയിച്ചത്. 2009 നുശേഷം കേന്ദ്രസര്‍ക്കാരിന്‍റെ സാക്ഷരതാ സ്കീമിൽ കേരളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതുകാരണം കേന്ദ്രഫണ്ട് ലഭിച്ചിരുന്നുമില്ല. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക്ശേഷം കേന്ദ്ര സാക്ഷരതാ സ്കീമിൽ കേരളത്തെ ഉള്‍പ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിന്‍റെ സാക്ഷരതാരംഗത്തെ നയപരിപാടികൾ കാരണമാണ്. വിവിധ പദ്ധതികള്‍ക്ക് കേന്ദ്രധനസഹായം ഉണ്ടാവണമെന്നും കേന്ദ്രസര്‍ക്കാരിന്‍റെ സാക്ഷരതാ സ്കീമിൽ കേരളത്തെ ഉള്‍പ്പെടുത്തണമെന്നും അഭ്യര്‍ത്ഥിച്ച്, സാക്ഷരതാമിഷൻ നിരവധി തവണ കേന്ദ്ര സ്കൂൾ- സാക്ഷരതാവകുപ്പിനെ ബന്ധപ്പെടുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയോടെ സാക്ഷരതാമിഷൻ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിജയം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ദേശീയ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. ഇത് കേന്ദ്ര സ്കൂൾ-സാക്ഷരതാവകുപ്പ് പരിഗണിച്ചു.
ദേശീയതലത്തിൽ നടന്ന സാക്ഷരതാദിനാഘോഷങ്ങളിൽ പങ്കെടുക്കുവാൻ കേരള സാക്ഷരതാ മിഷന് പ്രത്യേക ക്ഷണം ലഭിച്ചിരുന്നു. ഈ രംഗത്ത് നമ്മുടെ അനുഭവങ്ങളും നാം നടപ്പിലാക്കിയ വിജയകരമായ പദ്ധതികളും സാക്ഷരതാ മിഷൻ ഡയറക്ടർ മികച്ച രീതിയിൽ അവതരിപ്പിക്കുകയുണ്ടായി.
ഇതിന്‍റെയൊക്കെ ഫലമായി കേന്ദ്രസര്‍ക്കാരിന്‍റെ ‘പഠന ലിഖനാ അഭിയാൻ’ എന്ന പുതിയ സ്കീമിൽ കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കേരളത്തിൽ അഞ്ചു ജില്ലകളിലാണ് ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍നിന്ന് ആകെ രണ്ടുലക്ഷം പേരെയാണ് സാക്ഷരരാക്കേണ്ടത്. ചെലവിന്‍റെ 60% കേന്ദ്രവും 40% സംസ്ഥാനവും വകയിരുത്തും.
പൊതുവിദ്യാഭ്യാസമെന്നാൽ അനൗപചാരിക-ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ സമന്വയമാണ് എന്ന് ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാൻ നമുക്ക് കഴിഞ്ഞതിന്‍റെ വിജയം കൂടിയാണിത്.