LIFETRENDING

ബ്രാന്‍ഡ് അംബാസഡറായി ടൊവീനോ

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവചലച്ചിത്രതാരമാണ് ടൊവീനോ തോമസ്. തീവ്രം എന്ന ചിത്രത്തിലൂടെ സഹസംവിധായകനായി കടന്നുവന്ന താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയതീന്‍ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയായിരുന്നു. പിന്നീടങ്ങോട്ട് മികച്ച വേഷങ്ങള്‍ താരത്തെ തേടിയെത്തി.

ഇപ്പോള്‍ മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത താരമായി മാറിയിരിക്കുകയാണ് ടൊവീനോ. അതേസമയം, ഒരു നടന്‍ എന്നതില്‍ കവിഞ്ഞ് സമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളിലും താരം പ്രതികരിക്കാറുണ്ട്. സമീപകാലത്ത് നടന്ന പല വിഷയങ്ങളിലും തന്റെ ഇടപെടലുകള്‍കൊണ്ട് താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രളയ സമയത്ത് സന്നദ്ധസംഘടനാ പ്രവര്‍ത്തനങ്ങളില്‍ താരം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.. ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സന്നദ്ധസേനയുടെ ബ്രാന്‍ഡ് അംബാസഡറായി ടൊവീനോയെ നിയമിച്ചിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പ്രഖ്യാപനം നടത്തിയത്. പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് സമൂഹത്തിന് മാതൃകയായി മാറിയ വ്യക്തിയാണ് ടൊവീനോ തോമസെന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ ആളുകളിലേക്ക് സന്നദ്ധസേനയുടെ സന്ദേശമെത്തിക്കാന്‍ സഹായകരമാകുമെന്നും നിയമനം പ്രഖ്യാപിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാന്‍ ഇത്തരമൊരു സന്നദ്ധസേന വലിയ മുതല്‍ക്കൂട്ടായി മാറുമെന്നും സാമൂഹിക സന്നദ്ധ സേനയിലേക്ക് ഇനിയും ഒരുപാടു യുവാക്കള്‍ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നടന് മുഖ്യമന്ത്രി ആശംസകള്‍ നേരുകയും ചെയ്തു.

Back to top button
error: