Lead NewsNEWS

ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി ആരോഗ്യ വകുപ്പിന്റെ കര്‍മ്മ പദ്ധതി; 2030ഓടെ ഹെപ്പറ്റെറ്റിസ് സി മൂലമുള്ള മരണം ഇല്ലാതാക്കുക ലക്ഷ്യം

തിരുവനന്തപുരം: 2030 ഓടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറല്‍ ഹെപ്പറ്റൈറ്റിസ് (എ, ബി, സി, ഇ) മൂലമുളള മരണനിരക്കും രോഗാവസ്ഥയും, രോഗാതുരതയും കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ദേശീയ ആരോഗ്യ മിഷന്റെ സഹകരണത്തോടെ ദേശിയ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ (NVHCP) ഭാഗമായാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി നടപ്പിലാക്കുന്നത്. പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 14 ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ, ജനറല്‍ ആശുപത്രികളും ഉള്‍പ്പടെ 25 ആശുപത്രികളെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വൈറല്‍ ഹെപ്പറ്റൈറ്റിസ് ചികിത്സയ്ക്കും രോഗനിര്‍ണയത്തിനും ആവശ്യമായ മരുന്നുകളും, രോഗനിര്‍ണയ കിറ്റുകളും എല്ലാ തെരഞ്ഞെടുത്ത ആശുപത്രികള്‍ക്കും ഇതിനോടകം നല്‍കിയിട്ടുണ്ട്. രോഗനിര്‍ണയത്തിനായി രോഗസാധ്യത കൂടുതലുളളവരുടെ സ്‌ക്രീനിംഗ് പരിശോധന, സ്ഥിരീകരണം, ശരിയായ ചികിത്സ, രോഗം തടയാനുളള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പ്രോഗ്രാം വഴി സൗജന്യമായി നല്‍കുന്നതാണ്.

കോവിഡ്-19 സാഹചര്യങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിപാടിയിലൂടെ ശ്രമിക്കുന്നത്.

ഗര്‍ഭിണികളായ സ്ത്രീകള്‍ക്കിടയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് സ്‌ക്രീനിംഗ് (പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ് ബി) ശക്തിപ്പെടുത്തുന്നതിലൂടെയും ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവ് അമ്മയ്ക്ക് ജനിക്കുന്ന നവജാത ശിശുവിന് ആവശ്യമായ വാക്‌സിന്‍, അനുബന്ധ ഇമ്മ്യൂനോ ഗ്ലോബുലിന്‍ നല്‍കുന്നതിലൂടെയും വൈറസ് മൂലമുളള കരള്‍ രോഗങ്ങളില്‍ നിന്ന് വിമുക്തമായ ഒരു ഭാവിജനതയെ വാര്‍ത്തെടുക്കാന്‍ (Hepatitis free future) പദ്ധതി ലക്ഷ്യമിടുന്നു.

ഇതിനോടൊപ്പം വൈറല്‍ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയും പകരുന്നതിനാല്‍ അപകട സാധ്യത കൂടുതലുളളയാളുകളില്‍ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.

വൈറസ് മൂലമുണ്ടാകുന്ന കരള്‍രോഗബാധയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. ഇതുമൂലം കരള്‍വീക്കമുണ്ടാകുകയും കരളിലെ എന്‍സൈമുകളുടെ അളവിന് എറ്റക്കുറച്ചിലുകള്‍ സംഭവിച്ച് കരളിന്റെ പ്രവര്‍ത്തനം താറുമാറാകുകയും ചെയ്യുന്നു. പ്രധാനമായും ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചുതരം വൈറസുകള്‍ മൂലമാണ് ഈ രോഗാവസ്ഥ ഉണ്ടാകുന്നത്. ഇതില്‍ ഹെപ്പറ്റൈറ്റിസ് ഡി പൂര്‍ണമായും ഹെപ്പറ്റൈറ്റിസ് ബി രോഗബാധിതരില്‍ മാത്രമെ കാണാറുളളു. വൈറല്‍ ഹെപ്പറ്റൈറ്റിസ് എയും ഇയും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയാണ് പകരുന്നത്. ബി, സി, ഡി എന്നിവ രക്തത്തിലൂടെയും ശരീര സ്രവത്തിലൂടെയുമാണ് പകരുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ ഏറെ അപകടമാണ് ഈ വൈറസുകള്‍. അതിനാലാണ് ആരോഗ്യ വകുപ്പ് ഇത്തരത്തിലൊരു പരിപാടി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ നല്‍ക്കുന്ന ഈ സൗജന്യ സേവനങ്ങള്‍ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Back to top button
error: