തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമഫലം വിശദമായി പരിശോധിച്ച് സിപിഎം സംസ്ഥാന സമിതി. ഓരോ ജില്ലയിൽ നിന്നുള്ള തെരഞ്ഞെടുപ്പ് റിപ്പോർട്ട് സമിതി വിശകലനം ചെയ്തു. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ- മുസ്ലിം വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി നിന്നു എന്ന വിലയിരുത്തലിലാണ് സിപിഐഎം.
തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിക്കും അതിന്റെ രാഷ്ട്രീയ മുഖം വെൽഫെയർ പാർട്ടിക്കുമെതിരെ സിപിഎം കൈക്കൊണ്ട നിലപാട് ഇടതുമുന്നണിക്ക് ഗുണം ചെയ്തു എന്നാണ് വിലയിരുത്തൽ. ജമാഅത്തെ ഇസ്ലാമിയെ വർഗീയ പാർട്ടിയായി അടയാളപ്പെടുത്താൻ എൽഡിഎഫ് പ്രചാരണത്തിന് കഴിഞ്ഞു എന്നു സിപിഐഎം വിലയിരുത്തി. ഇത് യുഡിഎഫിന് വോട്ട് ചോർച്ച ഉണ്ടാക്കി. മാത്രമല്ല മുസ്ലിം വിഭാഗത്തിലെ മതേതര വാദികൾ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു.
ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം ലീഗിന്റെ നിലപാടിനെ സംശയത്തിൽ ആക്കി എന്നും സിപിഐഎം വിലയിരുത്തി. ഇത് ക്രിസ്ത്യൻ വോട്ടുകൾ ഇടതുപക്ഷത്തിന് അനുകൂലമാക്കി.
അതേസമയം ഹിന്ദു വോട്ടുകളിൽ ഉണ്ടാകുന്ന ചോർച്ച ഗൗരവമായി കാണണമെന്ന വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന സമിതി. ചില മേഖലകളിലെങ്കിലും ബിജെപി മുന്നേറിയത് നല്ല സൂചനയല്ല. എൻഎസ്എസ്-എസ്എൻഡിപി വോട്ടുകൾ ബിജെപിക്ക് അനുകൂലം ആകുന്നു എന്നത് പരിശോധിക്കും. എന്നാൽ ബിജെപി പ്രധാന വെല്ലുവിളി അല്ല എന്നാണ് വിലയിരുത്തൽ.
ആലപ്പുഴ,പത്തനംതിട്ട,വയനാട് തുടങ്ങിയ ഇടങ്ങളിലെ പാർട്ടിക്കുള്ളിലെ പ്രാദേശിക പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണം. തെരഞ്ഞെടുപ്പ് ചർച്ച ഞായറാഴ്ചയും തുടരും.