കർണാടകയിൽ നടന്ന ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ മത്സരിച്ച 231 സ്ഥാനാർത്ഥികൾക്ക് വിജയം. പാർട്ടിക്ക് വേരോട്ടം ഇല്ലാത്ത സംസ്ഥാനമാണ് കർണാടക. ഇതാദ്യമായാണ് സിപിഐഎം ഇത്തരം ഒരു സംസ്ഥാനത്ത് ഇത്ര മികച്ച വിജയം നേടുന്നത്.
മൊത്തം 732 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സിപിഎമ്മിന്റെ ബാനറിൽ ഇറങ്ങിയത്. സംസ്ഥാനത്ത് പലയിടത്തും സാന്നിധ്യമറിയിക്കാൻ പാർട്ടിക്ക് കഴിഞ്ഞു. പല സീറ്റുകളിലും നിസ്സാര വോട്ടിനാണ് സിപിഎം പിന്തുണച്ച സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്.
ആകെ 30 ജില്ലകൾ ആണുള്ളത്. ഇതിൽ 20 എണ്ണത്തിലും സിപിഎം പിന്തുണയോടെ സ്ഥാനാർത്ഥികൾ മത്സരരംഗത്ത് ഉണ്ടായിരുന്നു. മത്സരിച്ച 20 ജില്ലകളിൽ 18 ജില്ലകളിലും പാർട്ടി സ്ഥാനാർഥികൾ വിജയം നേടി.
ഭാഗെപ്പള്ളിയിൽ 3 പഞ്ചായത്തുകളാണ് സിപിഎം ഭരിക്കുക. രണ്ടു പഞ്ചായത്തുകളിൽ മറ്റുള്ളവരുടെ പിന്തുണയോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സിപിഎം ഭരിക്കും. നാല് ജില്ലകളിൽ ബിജെപിയും കോൺഗ്രസും മാറിമാറി നേടിയിരുന്ന സീറ്റുകളാണ് ഇത്തവണ സിപിഎം പിടിച്ചെടുത്തത്.