തിരുവനന്തപുരം നാവായിക്കുളത്ത് കൊടുംക്രൂരത ചെയ്ത സഫീറിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു എന്ന് സൂചന. സഫീർ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു എന്ന് റിപ്പോർട്ടുണ്ട്. ആശുപത്രിയിലെ ചികിത്സക്കുശേഷം വീട്ടിൽ എത്തിയതിനു ശേഷവും ഇയാൾ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. തുടർന്ന് ഭാര്യ മക്കളെയും കൊണ്ട് വീട്ടിലേക്ക് പോയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം സഫീർ രണ്ട് കുട്ടികളെയും തന്റെ ഒപ്പം വിടണമെന്ന് ഭാര്യവീട്ടിൽ ആവശ്യപ്പെടുകയായിരുന്നു. ഭാര്യ വീട്ടിൽ നിന്ന് കുട്ടികളെ ശ്രീശങ്കരാ ക്ഷേത്രത്തിനു സമീപത്തുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. അതിനുശേഷമായിരുന്നു കൊടും ക്രൂരത അരങ്ങേറിയത്.
മൂത്തമകനെ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്നു.അതിനുശേഷം സഫീർ ഇളയ കുട്ടിയെ കൊണ്ട് ക്ഷേത്രക്കുളത്തിൽ ചാടി എന്നാണ് പോലീസ് ഇപ്പോൾ വിലയിരുത്തുന്നത്.
മൂത്തമകൻ അൽത്താഫിന്റെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയതിനെ തുടർന്നാണ് ക്ഷേത്രക്കുളത്തിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. ക്ഷേത്രക്കുളത്തിലെ പരിശോധനക്കിടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.