ജൂൺ 11നാണ് എടപ്പാൾ കാളച്ചാൽ സ്വദേശി ഇർഷാദ് ഹനീഫയെ കാണാതാവുന്നത്. ഇർഷാദിനെ കാണാതായതോടെ കുടുംബം പോലീസിൽ പരാതി നൽകി. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വട്ടംകുളം സ്വദേശികളായ സുഭാഷും എബിനുമായി ഇർഷാദ് നടത്തിയ പണമിടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്.
ക്ഷേത്ര പൂജാരിയാണ് സുഭാഷ്. പഞ്ചലോഹവിഗ്രഹം നൽകാമെന്ന് പറഞ്ഞ് സുഭാഷ് ഇർഷാദിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങി. വിഗ്രഹം കിട്ടാതായതോടെ ഇർഷാദ് പണം തിരികെ നല്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഇർഷാദിനെ വകവരുത്താൻ സുഭാഷ് തീരുമാനിച്ചു. സുഹൃത്ത് എബിനെയും കൂടെ കൂട്ടി.
വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇർഷാദിനെ സുഭാഷ് തന്റെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ക്ലോറോഫോം നൽകി ബോധരഹിതനാക്കിയതിനു ശേഷം തലയ്ക്കടിച്ചു കൊന്നു. തുടർന്ന് നടുവട്ടത്ത് ഉള്ള കിണറിൽ ഇർഷാദിന്റെ മൃതദേഹം തള്ളി എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്.
മൃതദേഹം കണ്ടെത്താൻ പൊലീസ് ഇന്ന് പരിശോധന നടത്തിയേക്കും . ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.