
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ആ വര്‍ഷത്തെ ഏറ്റവും വലിയ വാണിജ്യ വിജയമായിരുന്നു. ചൈനീസ് ഉള്‍പ്പടേ ചിത്രത്തിന്റെ റീമേക്ക് അവകാശം പല ഭാഷകളിലേക്കും വിറ്റു പോയിരുന്നു. മോഹന്‍ലാല്‍ എന്ന നടന്റേയും താരത്തിന്റേയും കരിയറിലെ ഒരു നാഴികക്കല്ലായി ദൃശ്യത്തെ വിശേഷിപ്പിക്കാം.
ദൃശ്യത്തിന് ശേഷം മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് ലോകത്താകമാനം കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച് മറ്റെല്ലാ മേഖലയേയും പോലെ സിനിമയും നിശ്ചലമായിത്തുടങ്ങിയത്. കോവിഡ് കാലത്താണ് ദൃശ്യം 2 എന്ന ചിത്രത്തെപ്പറ്റിയുള്ള ആദ്യ വാര്‍ത്ത പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വാര്‍ത്ത മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്ത് വിട്ടത്. രാജ്യത്തൊട്ടാകെ കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ദൃശ്യം 2 ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
തീയേറ്ററിലേക്ക് ആളുകളെ തിരികെയെത്തിക്കാന്‍ ദൃശ്യം 2 പോലൊരു ചിത്രം അനിവാര്യമാണെന്ന് പ്രേക്ഷകരും ചലച്ചിത്ര നിരൂപകരും ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. ചിത്രം തീയേറ്റര്‍ റിലീസായി പ്രേക്ഷകരിലേക്കെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പല സന്ദര്‍ഭങ്ങളിലും സൂചിപ്പിച്ചിരുന്നുവെങ്കിലും ന്യൂ ഇയര്‍ രാത്രിയില്‍ പുറത്ത് വന്ന ചിത്രത്തിന്റെ ടീസറില്‍ നിന്നും ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഓണ്‍ലൈന്‍ റിലീസാണെന്ന് വ്യക്തമായിരിക്കുകയാണ്. ന്യൂ ഇയര്‍ സമ്മാനം പ്രതീക്ഷിച്ചിരുന്ന ആരാധകരേയും ചലച്ചിത്ര പ്രേമികളേയും പുതിയ വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ വിഷമിപ്പിച്ചിരിക്കുകയാണ്.
ദൃശ്യം 1 ന്റെ തുടര്‍ച്ചയാണെങ്കില്‍ പോലും ദൃശ്യം 2 ഒന്നാം ഭാഗം പോലെ ഒരു ത്രില്ലറല്ലെന്നും ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജോര്‍ജുകുട്ടിയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ ജീവിതാവസ്ഥ മാത്രമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നും സംവിധായകന്‍ പറയുന്നു. ഒന്നാം ഭാഗത്തിലുണ്ടായിരുന്ന ചില കഥാപാത്രങ്ങള്‍ പുതിയ ചിത്രത്തിലുണ്ടാവില്ലെന്നും രണ്ടാം ഭാഗത്തില്‍ ചില പുതിയ കഥാപാത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം 2 ഒടിടി പ്ലാറ്റ് ഫോമില്‍ പ്രദര്‍ശനത്തിനെത്തുന്നതില്‍ ഫിലിം എക്‌സിബിറ്റേഴ്‌സും തീയേറ്ററര്‍ ഓണേഴ്‌സുമടക്കം ആശങ്കയിലാണ്.
തീയേറ്ററിലേക്ക് ആളുകള്‍ കയറാതിരുന്ന ഒരു കാലഘട്ടത്തിലാണ് ദൃശ്യത്തിന്റെ ഒന്നാം ഭാഗമെത്തുകയും വീണ്ടും തീയേറ്ററില്‍ ആളനക്കം സംഭവിച്ചു തുടങ്ങുകയും ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ ദുര്‍ഘടമായ അവസ്ഥയെ മാറ്റാന്‍ ദൃശ്യം 2 പോലൊരു ചിത്രത്തിന് മാത്രമേ സാധിക്കുവെന്ന് ലിബര്‍ട്ടി ബഷിര്‍ അഭിപ്രായപ്പെട്ടു. ചിത്രം തീയേറ്ററില്‍ എത്തിക്കാന്‍ സാധിക്കാത്തതില്‍ നിര്‍മ്മാതാവിനും സംവിധായകനും അടക്കം ധര്‍മ്മസങ്കടമുണ്ടെന്ന് ജീത്തു ജോസഫ് പ്രതികരിച്ചു.