മലയാളികള്‍ക്ക് അത്രമേല്‍ പ്രീയപ്പെട്ട താരമായിരുന്നു കലാഭവന്‍ മണി. ചലച്ചിത്രതാരം എന്നതിനപ്പുറത്തേക്ക് പച്ചയായ മനുഷ്യനായിട്ടാണ് അദ്ദേഹം കേരളത്തിലെ ഓരോ മനുഷ്യന്റെയുള്ളിലും നിറഞ്ഞ് നിന്നത്. നായകനായും, വില്ലനായും, സ്വഭാവനടനായും, ഹാസ്യതാരമായും കലാഭവന്‍ മണി തനിക്ക് കിട്ടിയ കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിരുന്നു.
മിമിക്രിയുടെ ലോകത്ത് നിന്നും സിനിമയുടെ വെള്ളിവെളിച്ചെത്തിലെത്തിയപ്പോഴും അദ്ദേഹം വന്ന വഴി മറന്നിരുന്നില്ല. ചാലക്കുടിക്കാര്‍ക്ക് ജീവനുള്ള കാലം വരെയും മണി മകനായിരുന്നു. നാടിന്റെ എല്ലാ ആവശ്യങ്ങളും മുന്നില്‍ നിന്ന് നടത്താന്‍ മണിയുണ്ടായിരുന്നു. കേരളത്തിലെ ജനങ്ങള്‍ താരം എന്നതിനപ്പുറം എന്തോ ആത്മബന്ധം മണിയോട് സൂക്ഷിച്ചിരുന്നു. ഒരുപക്ഷേ മലയാളി മറ്റൊരു ചലച്ചിത്രതാരത്തിനും കൊടുക്കാത്ത സ്‌നേഹം മണിക്ക് നല്‍കിയിരുന്നു
2016 ല്‍ മണി ഈ ലോകത്തോട് വിട പറയുമ്പോള്‍ കേരളം ഒന്നാകെ കരഞ്ഞിരുന്നു. മണിക്ക് പകരം മറ്റൊരാളെ ഇന്നുവരെ സിനിമയിലും മനസിലും പ്രതിഷ്ഠിക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. മണിയുടെ മരണവും പിന്നീടുണ്ടായ കോലാഹലങ്ങളും മലയാളിയെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കിയത്. പുതുവര്‍ഷ പുലരിയില്‍ ലോകം സന്തോഷിക്കുമ്പോള്‍ ചാലക്കുടിക്കാര്‍ക്ക് അത് പ്രീയപ്പെട്ട മണിയുടെ ജന്മദിനം കൂടിയാണ്.
ഒന്നുമില്ലായ്മയില്‍ നിന്നും സ്വയം ഉയര്‍ന്ന് വന്ന മണിയുടെ ജീവിതം നമുക്കോരോരുത്തര്‍ക്കും പാഠപുസ്തകമാണ്. കലാഭവന്‍ മണിയുടെ പിറന്നാള്‍ ദിനത്തില്‍ ലിന്റോ കുര്യന്‍ തയ്യാറാക്കിയ മാഷപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പുതുവര്‍ഷപ്പുലരിയില്‍ തങ്ങള്‍ക്ക് കിട്ടിയ സമ്മാനമാണെന്നാണ് വീഡിയോയില്‍ കമന്റായി പ്രേക്ഷകര്‍ കുറിച്ചിരിക്കുന്നത്.