Lead NewsNEWS

പാർട്ടി അധ്യക്ഷൻ ആകാൻ ഇല്ലെന്ന് രാഹുൽഗാന്ധി, പ്ലാൻ ബി യുമായി കോൺഗ്രസ്

കർഷക പ്രക്ഷോഭം അടക്കമുള്ള സമരങ്ങൾ രാജ്യത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉണ്ടാക്കുന്ന വേളയിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശത്തേക്ക് പറന്നത് ഏവരുടെയും നെറ്റി ചുളിപ്പിച്ചു. ഇതിലൂടെ രാഹുൽ ഒരു സന്ദേശം കോൺഗ്രസ് പാർട്ടിക്ക് നൽകുകയും ചെയ്തു. പാർട്ടി അധ്യക്ഷൻ ആകാൻ താനില്ല എന്ന സന്ദേശമായിരുന്നു അത്. മെയ് 2019-ലെ പൊതു തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം രാഹുൽ വലിച്ചെറിയുകയായിരുന്നു പാർട്ടി അധ്യക്ഷ സ്ഥാനം.

Signature-ad

പാർട്ടി നേതാക്കൾക്കിടയിൽ ഇത് സംബന്ധിച്ച അഭിപ്രായം ആരാഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡിലെ കോർ ഗ്രൂപ്പിൽ പെട്ട മൂന്ന് നേതാക്കൾ പേര് വെളിപ്പെടുത്താതെ ചില കാര്യങ്ങൾ വെളിപ്പെടുത്തി. കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിക്ക് സമ്മതമില്ല എന്ന് രണ്ട് നേതാക്കൾ സ്ഥിരീകരിച്ചു. മൂന്നാമത്തെ നേതാവ് ആകട്ടെ എന്തായാലും അടുത്തകാലത്തൊന്നും രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ ആകില്ല എന്ന് വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുൽഗാന്ധി വിദേശത്തേക്ക് പോയത്. കോൺഗ്രസിന്റെ 136 മത് സ്ഥാപക ദിന പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറാവാതെയാണ് രാഹുൽ ഗാന്ധി വിദേശത്ത് എവിടേക്കാ പോയത്. രാഹുൽഗാന്ധി എങ്ങോട്ടാണ് പോയത് എന്നത് സംബന്ധിച്ച് ഒന്നും കോൺഗ്രസ് വെളിപ്പെടുത്തുന്നില്ല.

പാർട്ടി അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ അടുത്തമാസം ആരംഭിക്കുമെന്ന പ്രഖ്യാപനം വന്നിരിക്കവെയാണ് രാഹുൽഗാന്ധി വിദേശത്തേക്ക് പോയിരിക്കുന്നത്. താൽക്കാലിക പ്രസിഡണ്ടായ സോണിയാഗാന്ധി ജനുവരിയിൽ സ്ഥാനമൊഴിയും. ഒന്നര കൊല്ലമായി കോൺഗ്രസിനുള്ളിൽ ഈ പ്രതിസന്ധി നീറി നിൽക്കുന്നു. അനാരോഗ്യം വേട്ടയാടുമ്പോഴും സോണിയാഗാന്ധിയെ അധ്യക്ഷസ്ഥാനത്ത് നിലനിർത്തേണ്ട ഗതികേടിലാണ് കോൺഗ്രസ്.

ഇതിന് പിന്നാലെയാണ് സ്ഥായിയും വ്യക്തവുമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് 23 നേതാക്കൾ കോൺഗ്രസ് അധ്യക്ഷയ്ക്ക് കത്തെഴുതുന്നത്. ശശി തരൂർ,മനീഷ് തിവാരി,രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്,പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശർമ തുടങ്ങി പാർട്ടിയിലെ മുതിർന്ന നേതാക്കൾ ആയിരുന്നു കത്തിൽ ഒപ്പിട്ടിരുന്നത്.

എന്നാൽ പാർട്ടിയിലെ 99.9 ശതമാനം ആളുകളും രാഹുൽഗാന്ധി തിരിച്ച് കോൺഗ്രസ് അധ്യക്ഷൻ ആകണമെന്ന അഭിപ്രായക്കാരാണ് എന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞത്.

“മുതിർന്ന നേതാക്കൾ രാഹുൽഗാന്ധിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. അവർ സോണിയാഗാന്ധിയോട് രാഹുൽ ഗാന്ധിയുടെ മനസ്സുമാറ്റാൻ ശ്രമിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇപ്പോൾ ഒന്നു മാത്രമേ പറയാനാകൂ അദ്ദേഹത്തിന് തൽക്കാലം ആ സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമില്ല.” പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന നേതാവ് പറഞ്ഞു.

ഗാന്ധി കുടുംബത്തിലെ അംഗം അല്ലാത്ത ഒരാൾക്ക് കോൺഗ്രസിനെ ഒറ്റക്കെട്ടായി കൊണ്ടു പോകാൻ ബുദ്ധിമുട്ടാണ് എന്നാണ് രാഹുൽഗാന്ധിയെ പിന്തുണക്കുന്നവർ പറയുന്നത്. അംബികാ സോണി, ഹരിഷ് രാവത്ത്, എ കെ ആന്റണി തുടങ്ങിയവർ രാഹുൽഗാന്ധിയോട് തിരിച്ച് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. “ഞാൻ നിങ്ങളെ പോലെ ഒരു സാധാരണ പ്രവർത്തകൻ മാത്രം, എനിക്ക് അങ്ങിനെ തുടർന്നാൽ മതി.” ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.

ഗാന്ധി കുടുംബത്തോട് അടുത്ത ബന്ധമുള്ളവർ പറയുന്നത് രാഹുൽഗാന്ധി തന്റെ മനസ്സ് തൽക്കാലം മാറ്റില്ല എന്നാണ്. അതുകൊണ്ടുതന്നെ ഒരു പ്ലാൻ ബി കോൺഗ്രസ് ഇപ്പോൾ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പൊതു നേതൃ സംവിധാനം എന്ന മാർഗത്തിലേക്ക് കോൺഗ്രസ് മാറിയേക്കും എന്നാണ് സൂചന. രാജ്യത്തെ നാല് സോണുകളായി കണക്കാക്കി നാല് വൈസ് പ്രസിഡണ്ട്മാരെ നിയമിക്കും. ഇവർ സോണിയ ഗാന്ധി കീഴിൽ പ്രവർത്തിക്കും.

” എല്ലാവരും സോണിയാഗാന്ധിക്ക് കീഴിൽ പ്രവർത്തിക്കും. നാലു വൈസ് പ്രസിഡണ്ടുമാർ ഒന്നിച്ചിരുന്നാണ് തീരുമാനമെടുക്കുക. ഒരോ വൈസ് പ്രസിഡണ്ട്മാർക്ക്‌ കീഴിൽ മൂന്നോ നാലോ ജനറൽസെക്രട്ടറിമാർ ഉണ്ടായിരിക്കും. “ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.

രാഹുൽ ഗാന്ധി ഡിസംബർ 2017 ലാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. അത് വച്ചുനോക്കുമ്പോൾ 2022 വരെ അധ്യക്ഷന് തുടരാം. എന്നാൽ 2019 മെയ് മാസത്തിൽ രാഹുൽ ഗാന്ധി ചുമതല ഒഴിഞ്ഞു. പകരം സോണിയാഗാന്ധി അധ്യക്ഷയായി. അങ്ങനെയെങ്കിൽ സോണിയാഗാന്ധിക്ക് 2022 വരെ തുടരാം. മറ്റൊരു പുതിയ അധ്യക്ഷൻ കണ്ടെത്തുന്നതുവരെ ഈ സംവിധാനം തുടരുമെന്ന് തന്നെയാണ് ഇപ്പോൾ വിവരം.

Back to top button
error: