തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ പൊളളലേറ്റ് മരിച്ച സംഭവത്തില്‍ പരാതിക്കാരിയെ കസ്റ്റഡിലിലെടുത്ത് പൊലീസ്. അമ്പിളിയുടെ മൃതദേഹം കൊണ്ടുവരുന്ന സമയത്ത് പരാതിക്കാരിയായ അയല്‍ക്കാരി വസന്ത സ്ഥലത്തുണ്ടാകുന്നത് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കരുതുന്നതിനാലാണ് വസന്തയെ പൊലീസ് സ്ഥലത്ത് നിന്ന് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.
കാണക്കാരി സ്വദേശിയായ വസന്തയുടെ പരാതിയിലാണ് കോടതി രാജനും കുടുംബവും താമസിച്ചിരുന്ന ഭൂമി ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പാക്കുന്നതിനിടെയായിരുന്നു രാജനും ഭാര്യ അമ്പിളിയും മരിച്ചത്.
‘ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. ആരേയും ദ്രോഹിച്ചിട്ടില്ല, പിടിച്ചുപറിച്ചിട്ടില്ല. നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകും. എന്റെ വസ്തുവല്ലെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. അത് എന്റേതാണെന്ന് തെളിയിക്കണം. കോളനിക്കാര്‍ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങള്‍ക്ക് വേണമെങ്കില്‍ വസ്തു നല്‍കും. പക്ഷെ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഒരിക്കലും വസ്തു വിട്ടുനല്‍കില്ല’ എന്നായിരുന്നു പരാതിക്കാരിയായ വസന്തയുടെ നിലപാട്.