Lead NewsNEWS

ദമ്പതികള്‍ പൊളളലേറ്റ് മരിച്ച സംഭവം; കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ പൊളളലേറ്റ് മരിച്ച സംഭവത്തില്‍ മക്കള്‍ക്ക് വീട് വെച്ച് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നിര്‍ദേശം നല്‍കി. എത്രയും വേഗം നടപടികള്‍ ചെയ്യാന്‍ ജില്ലാഭരണകൂടത്തിനാണ് നിര്‍ദേശം നല്‍കിയത്.

കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് അടക്കമുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. സംരക്ഷണമടക്കമുള്ളവ ഇനി സര്‍ക്കാര്‍ നോക്കും. മുഖ്യമന്ത്രി ഇതിനുള്ള നിര്‍ദേശവും ജില്ലാഭരണ കൂടത്തിന് നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കും. പോലീസ് നടപടിയില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കം സര്‍ക്കാര്‍ പരിശോധിക്കും.

Signature-ad

ദമ്പതികളുടെ മക്കളായ രാഹുലും രഞ്ജിത്തും ഇപ്പോള്‍ തനിച്ചാണ്. രാഹുല്‍ പഠനം നിറുത്തി വര്‍ക്ക്‌ഷോപ്പില്‍ ജോലിക്ക് പോകുകയാണ്. രഞ്ജിത് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

ഇക്കഴിഞ്ഞ 22നായിരുന്നു സംഭവം. ഒരുവര്‍ഷം മുമ്പ് അയല്‍വാസി തന്റെ മൂന്ന് സെന്റ് പുരയിടം രാജന്‍ കൈയേറിയതായി കാണിച്ച് നെയ്യാറ്റിന്‍കര മുനിസിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. അനുകൂല വിധി ലഭിച്ചതിനെ തുടര്‍ന്ന് വീട് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് ദമ്പതികള്‍ തീകൊളുത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്ത് പിടിച്ച് പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്റര്‍ കത്തിക്കുകയായിരുന്നു. ലൈറ്റര്‍ തട്ടി മാറ്റാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ ഇരുവരുടെയും ദേഹത്ത് തീപടര്‍ന്നു. വളരെ പ്രയാസപ്പെട്ട് തീ കെടുത്തി ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെയോടെ രാജനും വൈകുന്നേരത്തോടെ അമ്പിളിയും മരിച്ചു. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ അനില്‍കുമാറിനും പൊള്ളലേറ്റു.

ഒഴിപ്പിക്കല്‍ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മകന്‍ രഞ്ജിത്ത് രംഗത്തെത്തി. നേരത്തേയും സ്ഥലം ഒഴിപ്പിക്കാനായി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. പൊലീസിനെ പേടിപ്പിച്ച് പിന്‍തിരിപ്പിക്കാന്‍ മാത്രമാണ് അച്ഛന്‍ ശ്രമിച്ചത്. ഇരുവരുടെയും മരണത്തിന് കാരണം പൊലീസാണെന്നും മകന്‍ പറഞ്ഞു. തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവം നടന്ന് 20 മിനിട്ടിന് ശേഷം ഇവര്‍ക്ക് അനുകൂലമായി സ്റ്റേ ലഭിക്കുകയും ചെയ്തു.

Back to top button
error: