കോവിഡ് ബാധിച്ച് കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമാ സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാലു ദിവസം മുമ്പാണ് സംഗീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംവിധായകന്‍ സന്തോഷ് ശിവന്റെ സഹോദരനാണ് സംഗീത്.
1990 ല്‍ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ‘വ്യൂഹം’ എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്നത്. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി യോദ്ധ എന്ന സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. പിന്നീട് ‘ഡാഡി’, ‘ഗാന്ധര്‍വ്വം’, ‘നിര്‍ണ്ണയം’ തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവന്‍ മലയാളത്തില്‍ ഒരുക്കിയത്. ‘ഇഡിയറ്റ്‌സ്’ എന്നൊരു ചിത്രം നിര്‍മ്മിക്കുകയും ചെയ്തു.
സണ്ണി ഡിയോളിനെ നായകനാക്കിയ സോര്‍ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയില്‍ സംവിധാനം ചെയ്തത്, തുടര്‍ന്നു എട്ടോളം ചിത്രങ്ങള്‍ അദ്ദേഹം ഹിന്ദിയില്‍ ഒരുക്കി. കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുവാനായി ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്‌നീഷ്യന്‍സിനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് സഹോദരന്‍ സന്തോഷ് ശിവനായിരുന്നു. യോദ്ധയിലൂടെ എ ആര്‍ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.
2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ചിത്രം യംല പഗ്‌ല ദീവാന 2 ആണ് സംഗീത് ശിവന്റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ എത്തിയ ചിത്രം.