LIFENEWSTRENDING

കുമ്മാട്ടിക്കഥ പറഞ്ഞ് കോശിയെ വിറപ്പിച്ച സി.ഐ സതീഷ് ഇനിയോര്‍മ്മ…

കുമ്മാട്ടിയെന്ന് കേട്ടിട്ടുണ്ടോ.? തൃശ്ശൂര് കുമ്മാട്ടിയല്ല മുണ്ടൂര് കുമ്മാട്ടി.
ഈ ചോദ്യമായിരിക്കും ഇക്കാലഘട്ടത്തിലെ ആളുകളുടെ മനസിലേക്ക് അനില്‍ നെടുമങ്ങാട് എന്ന് കലാകാരനെ ഒരുപക്ഷേ പ്രതിഷ്ടിച്ചിട്ടുണ്ടാവും. ചിലര്‍ക്ക് കുറച്ചു കൂടെ പിന്നിലേക്ക് പോയി ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലെ മുഴുക്കുടിയനായ അമ്മാവന്‍ കഥാപാത്രമായും. എന്നാല്‍ 2000 ന്റെ തുടക്കത്തില്‍ കൈരളി ചാനലിലെ ജുറാസിക് വേള്‍ഡ് എന്ന ഹാസ്യപരിപാടിയുടെ അവതരാകനായും സൃഷ്ടാവായും അനില്‍ നെടുമങ്ങാട് ജനഹൃദയങ്ങളില്‍ ഇടംപിടിച്ചിരുന്ന കാലമുണ്ടായിരുന്നു.

ഒരുപാട് കഴിവുണ്ടായിരുന്ന കലാകാരനെ സിനിമ ഉപയോഗിച്ച് തുടങ്ങിയപ്പോഴായിരുന്നു അപ്രതീക്ഷിതമായുള്ള അദ്ദേഹത്തിന്റെ വിടവാങ്ങല്‍. ആഴക്കയത്തിലേക്ക് അനിലെന്ന കലാകാരന്‍ മറഞ്ഞപ്പോള്‍ നഷ്ടമായത് അരങ്ങില്‍ അവിസ്മരണിയമാവേണ്ട ഒരുപാട് കഥാപാത്രങ്ങളായിരുന്നു എല്ലാവര്‍ക്കും സ്വീകാര്യനായ അലസാനായ കലാകാരനെന്ന് അനില്‍ നെടുമങ്ങാടിനെ വിശേഷിപ്പിക്കാം. നാടകപ്രവര്‍ത്തകനായും, ടെലിവിഷന്‍ അവതാരകനായുമൊക്കെ അനില്‍ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിരുന്നു. അനിലിന്റെ വിയോഗത്തില്‍ നിശ്ബദാരാവാനെ സിനിമാ ലോകത്തെ പലര്‍ക്കും സാധിക്കുന്നുള്ളു. അനില്‍ ഇല്ലാതാവുമ്പോള്‍ പലരുടെയും ജീവന്റെ നല്ലൊരു പങ്ക് കൂടിയാണ് ഇല്ലാതാവുന്നത്.

അര്‍ണോള്‍ഡിനെ ആര്യനാട് ശിവശങ്കരനായും ജുറാസിക് പാര്‍ക്കിലെ അതിഗംഭീര രംഗങ്ങളെ നാട്ടിലെ കഥകളാക്കി മാറ്റാനുമുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യമാണ് പലരേയും ആദ്യം അനില്‍ നെടുമങ്ങാടിന്റെ കാഴ്ച്ചക്കാരാക്കി മാറ്റിയത്. അതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത പുതിയൊരു ആശയവുമായിട്ടാണ് അദ്ദേഹം ടെലിവിഷന്‍ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ടെലിവിഷനിലും നാടകരംഗത്തും സജീവമായി നിലനിന്നു. ഇതിനിടയില്‍ ചെറുതും വലുതുമായ കുറേയധികം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ഞാന്‍ സ്റ്റീവ്‌ലോപ്പസ് എന്ന ചിത്രത്തിലെ പ്രകടനം അദ്ദേഹത്തിന്റെ ചലച്ചിത്ര യാത്രയിലെ സുപ്രധാന വഴിത്തിരിവാണെന്ന് പറയാം. ചിത്രത്തിലെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. പിന്നീട് മലയാള സിനിമയില്‍ അനില്‍ നെടുമങ്ങാടിന് തന്റേതായ ഇരിപ്പിടം സമ്മാനിച്ച കഥാപാത്രമായിരുന്നു അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സി.ഐ സതീഷ്.

വലിയ പ്രകടനങ്ങളോ, പൊക്കിപ്പറച്ചിലുകളോ ഇല്ലാതെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തിന്റെ തീവ്രത കോശിയിലേക്കും അതിലൂടെ പ്രേക്ഷകരിലേക്കും എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് അനിലിന്റെ കഥാപാത്രമായിരുന്നു. നായകന്‍ ജയിക്കും എന്ന വാര്‍പ്പ് മാതൃകകളെ പൊളിച്ചു തുടങ്ങിയത് സി.ഐ.സതീഷിന്റെ സംഭാഷണങ്ങളിലൂടെയായിരുന്നു. കൊട്ടകയുടെ ഇരുട്ടില്‍ കാണികളെ അയ്യപ്പന്‍ നായരുടെ പക്ഷത്തേക്കും അയാളിലെ രണ്ടാം ഭാവം ഒട്ടും തീവ്രത ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കാനും അദ്ദേഹത്തിന്റെ പ്രകടനം കൊണ്ട് സാധിച്ചിരുന്നു. ആരോടും പ്രത്യേകിച്ച് പ്രതിബന്ധതയില്ലാത്ത സമാധാനം പുലരണം എന്നാഗ്രാഹിക്കുന്ന വളരെ ന്യൂട്രലായ എന്നാല്‍ രണ്ട് നായകന്മാരുടെ മേലും കൃത്യമായി സ്വാധീനം ചെലുത്താന്‍ കഴിയുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന കഥാപാത്ര സൃഷ്ടിയായിരുന്നു ചിത്രത്തില്‍ അദ്ദേഹത്തിന്റേത്.

എല്ലാവരേയും സ്‌നേഹത്തോടെ മച്ചമ്പിമാരെയെന്ന് വിളിച്ച് ചേര്‍ത്ത് പിടിക്കുന്ന അനില്‍ നെടുമങ്ങാട് തിരുപ്പിറവിയുടെ ദിനത്തില്‍ നമ്മെ വിട്ട് പോയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം വേദനയോടെ ഉള്‍ക്കൊള്ളുകയാണ്. അനിലിന് ഏറ്റവും നല്ല കഥാപാത്രം സമ്മാനിച്ച സച്ചിയുടെ ജന്മദിനവും ഇന്നലെ ആയിരുന്നുവെന്നതും വേദനയോടെ ഓര്‍ക്കട്ടെ. സ്വര്‍ഗത്തില്‍ രണ്ടാളും കണ്ടുമുട്ടിയിട്ടുണ്ടാവും, പൊന്ന് മച്ചാമ്പി എന്ന് വിളിച്ച് ചേര്‍ത്ത് പിടിച്ചിട്ടുമുണ്ടാവും. പരസ്പരം ചുംബിച്ചിട്ടുണ്ടാവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button