Lead NewsNEWS

ഹൃദയപക്ഷമാവാന്‍ ഇടതുപക്ഷ സര്‍ക്കാര്‍

ദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നിലെ പ്രധാന കാരണമായി ഇടത് പക്ഷം ഉയര്‍ത്തിക്കാട്ടിയത് ജനങ്ങള്‍ക്ക് ഈ സര്‍ക്കാരില്‍ വിശ്വാസമുണ്ടായിരുന്നുവെന്നാണ്. അതുകൊണ്ടാണവര്‍ തിരഞ്ഞെടുപ്പില്‍ ചെങ്കൊടിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിനെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമി ഫൈനലെന്ന നിലയില്‍ വിശേഷിപ്പിച്ചാല്‍, ഇതേ മനസ്ഥിതിയോടെയാണ് ജനങ്ങള്‍ നിയമസഭ ഇലക്ഷന് പോളിംഗ് ബൂത്തിലേക്ക് പോവുന്നതെങ്കില്‍ ഇടത് പക്ഷ സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജനങ്ങളുടെ മനസില്‍ ഈ സര്‍ക്കാര്‍ പ്രത്യേക സ്ഥാനം നേടി നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി നൂറ് ദിനം കര്‍മ്മ പദ്ധതികളുടെ രണ്ടാം പ്രഖ്യാപനവുമായി ജനങ്ങളെ അഭിസംബോധന ചെയ്തത്. നൂറ് ദിന പദ്ധതി ലക്ഷ്യം കണ്ടതിലും മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും അഭിമാനവും സര്‍ക്കാരിനുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് ഭരണം നടത്തുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയത്.

Signature-ad

പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കി. ബാക്കിയുള്ളവ വേഗത്തില്‍ പൂര്‍ത്തിയാക്കും. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ഏത് അളവുകോല്‍ പ്രകാരം നോക്കിയാലും സര്‍ക്കാരിന് അഭിമാനിക്കാനുള്ള തരത്തിലാണ് കാര്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പ്രകടന പത്രികയില്‍ ഉള്‍പ്പെടാത്ത കാര്യങ്ങളും സാക്ഷാത്കരിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. സര്‍ക്കാരിന്റെ ഈ ഇടപെടല്‍ ജനങ്ങള്‍ക്ക് കൃതൃമായി പരിശോധിക്കാനും കഴിയണം എന്നതുകൊണ്ടാണ് ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചുരുക്കം ചില പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയത്. പ്രകടന പത്രിക പൂര്‍ത്തിയാക്കിയ ശേഷമാണ് സര്‍ക്കാര്‍ ഓണക്കാലത്ത് നൂറ് ദിനം പരിപാടി പ്രഖ്യാപിച്ചത്. വിവിധ വിഭാഗം ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്നതിനും, പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും ഈ പദ്ധതിയിലൂടെ വലിയ അളവില്‍ സാധിച്ചു.

ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ രണ്ടാം ഘട്ട നൂറ് ദിന പദ്ധതിയിയിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. ഡിസംബര്‍ 9 നാണ് ഒന്നാം ഘട്ട നൂറ് ദിന പദ്ധതി അവസാനിച്ചത്. രണ്ടാം ഘട്ട നൂറ് ദിന പരിപാടി ഡിസംബര്‍ 9ന് തന്നെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം ഉള്ളതിനാല്‍ മാത്രമാണ് ജനങ്ങളോട് ഇതിനെപ്പറ്റി സംസാരിക്കാന്‍ ഇത്രയും ദിവസം കാത്തിരിക്കേണ്ടി വന്നത്. രണ്ടാം ഘട്ട 100 ദിന പദ്ധതിയുടെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. 5700 കോടി രൂപയുടെ 5526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. കോവിഡ് മഹാമാരി നമ്മുടെ സമ്പദ്ഘടനയെ തളര്‍ത്തിയിട്ടുണ്ട്. ഇത് സൃഷ്ട്ടിച്ച മാന്ദ്യത്തില്‍ നിന്നും പുറത്തു കടക്കാനുള്ള കര്‍മ്മ പദ്ധതിയായിട്ടാണ് ഈ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡന്റെ വിപത്തില്‍ നിന്ന് നാം വിമുക്തരായിട്ടില്ലാത്ത ഘട്ടത്തില്‍ സമ്പദ്ഘടനയിലെ മരവിപ്പില്ലാതാക്കുന്നതിന് ഇടപെടുക എന്നതാണ് പ്രധാനം. നിരവധി പരിമിതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ചിട്ടയായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കുന്നത്.

ഒന്നാ ഘട്ട പദ്ധതിയുടെ വിലയിരുത്തല്‍ ഈ ഘട്ടത്തില്‍ നടത്തണം. അതിന്റെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് രണ്ടാം ഘട്ട പരിപിരാടിയെ ക്രിയാത്മകമാക്കണം. ഒന്നാം ഘട്ടത്തില്‍ 122 പ്രോജക്ടുകളാണ് പ്രഖ്യാപിച്ചത്. സെപ്്‌ററംബര്‍ മുതല്‍ ഡിസംബര്‍ 9 വരെയാണ് ഒന്നാം ഘട്ടം നടപ്പാക്കിയത്. മഹാമാരി നാട് സ്തംഭിപ്പിച്ചപ്പോള്‍ ഒരാളും കേരളത്തില്‍ പട്ടിണി കിടക്കാന്‍ പാടില്ല എന്ന ഉദ്ദേശത്തില്‍ വിവിധ പരിപാടികളാണ് നടപ്പാക്കിയത്. കമ്മ്യൂണിറ്റി കിച്ചണും റേഷന്‍ വിതരണവും ഭക്ഷ്യകിറ്റ് വിതരണവുമൊക്കെ ഇതിനുദാഹരണമാണ്.

രണ്ടാം ഘട്ട നൂറ് ദിന പദ്ധതിയില്‍ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഒന്നാം ഘട്ടത്തിലും ഇത്തരം തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് പറഞ്ഞപ്പോള്‍ സംശയത്തോടെയാണ് പലരും അതിനെ നോക്കിക്കണ്ടത്. എന്നാല്‍ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു എന്നതാണ് വാസ്തവം. കുടുംബശ്രീ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമില്‍ 15,000 സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും കുടുംബശ്രീ ആഭിമുഖ്യത്തില്‍ കേരള ചിക്കന്‍ ഔട്ടലറ്റ്, ജനകീയ ഹോട്ടല്‍, കയര്‍ ആന്റ് ക്രാഫ്റ്റ് സ്റ്റോര്‍, ഹോം ഷോപ്പ് തുടങ്ങിയവയില്‍ 2,500 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുകയും ചെയ്യും. ഇതിന് പുറമേ കേരള ബാങ്ക്, പ്രാഥമിക സഹകരണ ബാങ്കുകളില്‍ നല്‍കുന്ന വായ്പകളിലൂടെ 10,000 പേര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാഹചര്യവും ഉണ്ടാക്കും.

2021 ജനവരി 1 മുതല്‍ ക്ഷേമ പെന്‍ഷനുകള്‍ 1,500 രൂപയാക്കും എന്നതാണ് രണ്ടാം ഘട്ട നൂറ് ദിന പദ്ധതിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. 600 രൂപയില്‍ നിന്നാണ് ക്ഷേമ പെന്‍ഷന്‍ 1,500 രൂപയിലെത്തി നില്‍ക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 847 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതിനൊപ്പം 183 ഭക്ഷണശാലകള്‍ കൂടി സര്‍ക്കാര്‍ ആരംഭിക്കും. കേരളം ഉത്സവ സീസണിലൂടെ കടന്നു പോയിട്ടും സാധനങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടായിട്ടില്ല എന്ന സത്യം വിസ്മരിച്ചു കൂടായെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മഹാമാരിയുടെയും കോവിഡിന്റെയും കാലത്ത് കേരളത്തിലാരും പട്ടിണി കിടക്കരുതെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ടായിരുന്നു. അതിന് വേണ്ടി ആരംഭിച്ച എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണ പദ്ധതി അടുത്ത നാല് 4 മാസം കൂടി ലഭിക്കും. ഈ പദ്ധതിയിലൂടെ 80 ലക്ഷം കുടുംബങ്ങള്‍ക്ക് സമാശ്വാസം ലഭിക്കും.

കേരളത്തിലെ 20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായി ഉയര്‍ത്തുകയും 5 എണ്ണം സൂപ്പര്‍ സ്റ്റോറായി മാറ്റുകയും ചെയ്യും. പ്രതിരോധ പാര്‍ക്ക് പാലക്കാട് ആരംഭിക്കും, 9 വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31 ന് നടത്തും. മലബാര്‍ കോഫി പൗഡര്‍ വിപണിയിലെത്തിക്കും. കേരളത്തില്‍ അവയവദാന ശസ്ത്രക്രീയ നടത്തിയവര്‍ക്ക് അവര്‍ സ്ഥിരമായി കഴിക്കേണ്ട മരുന്ന് വില കുറച്ച് നല്‍കും. വെര്‍ച്വല്‍ കയര്‍ മേള നടത്തും. 146 കോടി രൂപ മുടക്കി വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കും. 310 കോടി രൂപ ചിലവ് വരുന്ന 27 ടൂറിസം വികസന പദ്ധതികള്‍ ഉദേഘാടനം ചെയ്യും ഗെയില്‍ പൈപ്പ് ലൈന്‍ കൊച്ചി മംഗലാപുരം ജനുവരി മാസത്തിലും, കൊച്ചി-പാലക്കാട് പ്രോജക്ട് ഫെബ്രുവരി മാസത്തിലും പൂര്‍ത്തിയാകും. കെ-ഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്തും. ഈ പദ്ധതിയിലൂടെ ബിപിഎല്‍ കാര്‍ഡുള്ള വീടുകളിലേക്കും സര്‍ക്കാര്‍ ഓഫീസുകളിലേക്കും ഇന്റര്‍നെറ്റ് എത്തും. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്തും. ജനങ്ങള്‍ക്കായി കുണ്ടന്നൂര്‍-വൈറ്റില മേല്‍പ്പാലവും, ആലപ്പുഴ ബൈപ്പാസും തുറന്ന് കൊടുക്കും. കേരളത്തില്‍ 282 കോടി രൂപ ചിലവ് വരുന്ന 10 റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കും. 18 പ്രധാന റോഡുകള്‍ ഉദ്ഘാടനം ചെയ്യും. 75 പുതിയ കറ്റാമെരന്‍ പാസഞ്ചര്‍ ബോട്ടുകള്‍ ഇറക്കും. KSRTC യുടെ അനുബന്ധ കോര്‍പ്പറേഷനായി KSRTC SWIFT നിലവില്‍ വരും.

ഇത്തരം പദ്ധതികളിലൂടെ ഇടത് പക്ഷ സര്‍ക്കാര്‍ ജനഹൃദയങ്ങളില്‍ വീണ്ടും ഇടം പിടിക്കുകയാണ്. ഈ പദ്ധതികള്‍ കൃത്യമായും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനായാല്‍ കേരളത്തില്‍ മാറ്റമെന്തിനെന്ന് ഒരുപക്ഷേ ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയേക്കാം. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയവും പുതിയ പദ്ധതി പ്രഖ്യാപനവും സര്‍ക്കാരിനെ വീണ്ടും ശക്തരാക്കുകയാണെന്നതില്‍ തര്‍ക്കമില്ല.

Back to top button
error: