നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ ബിജെപിയിലെ ആഭ്യന്തര പ്രശ്നം വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങരുതെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഇന്ന് ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് കേന്ദ്ര നേതൃത്വത്തിന് പ്രതിനിധി കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണൻ ഇക്കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രനെതിരെ കടുത്ത നിലപാടാണ് വി മുരളീധരൻ പക്ഷം ഇന്നത്തെ യോഗത്തിൽ കൈക്കൊണ്ടത്. പാർട്ടിയിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നത് തീർത്തും തെറ്റാണെന്ന് വി മുരളീധര പക്ഷ നേതാക്കൾ കോർ കമ്മിറ്റി യോഗത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ അച്ചടക്ക നടപടിയാണ് വേണ്ടതെന്നും അവർ വിശദീകരിച്ചു.
അതേസമയം ശോഭാസുരേന്ദ്രനെ തള്ളിപ്പറയാൻ കൃഷ്ണദാസ് പക്ഷം തയ്യാറായില്ല. വിട്ടുവീഴ്ച ചെയ്ത് ശോഭാസുരേന്ദ്രൻ കൂടെ കൂട്ടണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിൽ അഭിപ്രായം.
ശോഭ സുരേന്ദ്രനെതിരെ നടപടി ഉണ്ടാകില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശോഭയെ പോലെയുള്ള ഒരാളെ പാർട്ടിയിൽ നിന്ന് തീർത്തും അകറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കേന്ദ്ര നേതൃത്വം കരുതുന്നു.