Lead NewsNEWS

നീണ്ട 28 വര്‍ഷത്തെ പോരാട്ടം പര്യവസാനിക്കുമ്പോള്‍ അഭയയ്ക്ക് നീതി….

28 വര്‍ഷത്തിന് ശേഷം സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തിന്റെ വിധി വന്നപ്പോള്‍ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെ കണ്ണുകള്‍ നിറഞ്ഞു. ഫാദര്‍ തോമസ് കോട്ടൂര്‍ നിര്‍വികാരനായി. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

രാവിലെ തന്നെ കോടതിയും പരിസരവും പോലീസിനേയും മാധ്യമങ്ങളേയും ജനങ്ങളേയും കൊണ്ട് നിറഞ്ഞിരുന്നു. കൂട്ടത്തില്‍ കേസിനെ ഈ തലത്തില്‍ സജീവമാക്കി നിര്‍ത്തിയ ജോമോന്‍ പുത്തന്‍ പുരയ്ക്കലും എത്തിയിരുന്നു. 10.15 ന് പോലീസ് വാഹനത്തിലാണ് പ്രതികളെ കോടതിയില്‍ എത്തിച്ചു. ഇന്നത്തേക്ക് വിധി മാറ്റിയതിനാല്‍ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിനെ സെന്‍ട്രല്‍ ജയിലില്‍ നിന്നും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്നുമാണ് കൊണ്ടുവന്നത്.

Signature-ad

കോടതിയിലെത്തിയ പ്രതികളെ കാണാന്‍ ബന്ധുക്കള്‍ എത്തി ആശ്വസിപ്പിച്ചു. ആദ്യം ഫാദറും പിന്നീട് സെഫിയും കോടതി മുറിക്കുളളിലേക്ക് കയറി. ആദ്യം തോമസ് കോട്ടൂരാണ് പ്രതിക്കൂട്ടിലേക്ക് കയറിയത്. പിന്നീട് സിസ്റ്റര്‍ സെഫിയും. പ്രോസിക്യൂഷന്‍ വാദങ്ങള്‍ ശക്തമായിരുന്നു.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
ആസൂത്രിത കൊലപാതകം ആണോയെന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഇരുഭാഗങ്ങളുടെയും വാദം നടക്കുമ്പോള്‍ കണ്ണടച്ച് പ്രാര്‍ഥനയിലായിരുന്നു സിസ്റ്റര്‍ സെഫി.

കൊലക്കുറ്റം തെളിഞ്ഞെന്നും ഫാദര്‍ തോമസ് കോട്ടൂര്‍ മഠത്തില്‍ അതിക്രമിച്ച് കയറി കുറ്റകൃത്യം ചെയ്തുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ ഫാദര്‍ തോമസ് കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും പ്രായാധിക്യവും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നുമായിരുന്നു പ്രതിഭാഗം പ്രോസിക്യൂഷന്റെ വാദം.

മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിക്ക് വ്യക്ക, പ്രമേഹരോഗങ്ങളുണ്ടെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ത്രോംബോസിസ് എന്ന അസുഖമുണ്ട്. ഇതുകാരണം എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ട്. കുറഞ്ഞ ശിക്ഷ നല്‍കണം രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണ്. അതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്നും സെഫി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജഡ്ജി ഇരുവരോടും എന്തെങ്കിലും പറയാന്‍ ഉണ്ടോയെന്ന് ആരാഞ്ഞു. അഭിഭാഷകര്‍ പറഞ്ഞ കാര്യങ്ങള്‍ ഇരുവരും ജഡ്ജിയുടെ അരികിലെത്തി പറഞ്ഞു.

11.25നു കോടതി താല്‍ക്കാലികമായി പിരിഞ്ഞു. ആ സമയം കോടതി ബെഞ്ചിലിരുന്ന സെഫിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അപ്പോഴും ഫാദര്‍ തോമസ് കോട്ടൂരിന് ഭാവവ്യത്യാസമൊന്നും തന്നെ ഉണ്ടായിരുന്നില്ല.

11.50 ആയപ്പോള്‍ ജഡ്ജി വന്ന് 12.05ന് വിധി വായിച്ചു തുടങ്ങി. അഞ്ചു മിനിട്ടുകൊണ്ട് വിധിപ്രസ്താവം പൂര്‍ത്തിയാക്കിയപ്പോള്‍ ഇരുപ്രതികളും നിരാശരായി നിന്നു. ജഡ്ജി മടങ്ങിയശേഷം ഇരുവരെയും കോടതി മുറിയില്‍ ഇരുത്തി. അഭിഭാഷകര്‍ ഇരുവരുടേയും അടുത്തെത്തി സംസാരിച്ചു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒന്നര മണിയോടെ ഫാ. തോമസ് കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും, സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലേക്കും മാറ്റി.

Back to top button
error: