സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി. പ്രതികൾക്കുള്ള ശിക്ഷ ഇന്നാണ് വിധിക്കുന്നത്.
കൊലക്കുറ്റം തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് രണ്ടു പ്രതികൾക്കുമെതിരെ തെളിഞ്ഞിരിക്കുന്നത്. പ്രതികൾ തമ്മിലുള്ള ശാരീരിക ബന്ധം സിസ്റ്റർ അഭയ നേരിട്ട് കണ്ടതിനെ തുടർന്നാണ് കൊലപാതകം എന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇരുവരും ചേർന്ന് അഭയയെ തലക്കടിച്ച് കൊന്നു കിണറ്റിലിട്ടു എന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
കോൺവെന്റിൽ അതിക്രമിച്ചു കടന്നു എന്ന കുറ്റം കൂടി തോമസ് കോട്ടൂരിനെതിരെ ഉണ്ട്. 28 വർഷം നീണ്ട നടപടികൾക്കു ഒടുവിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി കെ. സനിൽകുമാർ കണ്ടെത്തിയത്.
അടക്കാ രാജു എന്ന ദൃക്സാക്ഷിയാണ് കേസിലെ വഴിത്തിരിവ്. കോൺവെന്റിൽ മോഷണത്തിന് എത്തിയതായിരുന്നു അടക്ക രാജു. തനിക്ക് അനുകൂലമായ പ്രചാരണം നടത്താൻ ഫാദർ കോട്ടൂർ സമീപിച്ച പൊതുപ്രവർത്തകൻ കളർകോട് വേണുഗോപാലിന്റെ മൊഴിയും നിർണായകമായി.
സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കോർത്തിണക്കിയാണ് സിബിഐ പ്രതികളെ കുടുക്കിയത്. 1992 മാർച്ച് 27നാണ് കോട്ടയം പയസ് കോൺവെന്റിലെ കിണറ്റിൽ അഭയയുടെ മൃതദേഹം കണ്ടെത്തിയത്.