അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് എൻസിപി ഉടൻ പിളരും എന്ന് സൂചന. യുഡിഎഫിലേക്ക് മാണി സി കാപ്പന്റെ നേതൃത്വത്തിൽ ഒരു സംഘം പിളർന്നു പോകും എന്നാണ് വിവരം. ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കളുമായി മാണി സി കാപ്പന്റെ നേതൃത്വത്തിൽ ചർച്ച നടന്നു.
പാലാ സീറ്റിൽ കേരള കോൺഗ്രസ് എം മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് മാണി സി കാപ്പന്റെ നേതൃത്വത്തിൽ ഒരു സംഘം യുഡിഎഫിലേക്ക് പോകുന്നത്. യുഡിഎഫ് നേതൃത്വത്തോട് നാല് സീറ്റ് നൽകണം എന്നാണ് മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
പാല കൂടാതെ കുട്ടനാട്,കായംകുളം സീറ്റുകളും മലബാറിൽ ഒരു സീറ്റും ആണ് എൻസിപിയുടെ ആവശ്യം. ജോസഫ് വിഭാഗം കുട്ടനാട് വിട്ടു നൽകിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളി സീറ്റ് പകരം വേണമെന്നും മണി സി കാപ്പന്റെ നേതൃത്വത്തിലുള്ള വിഭാഗം ആവശ്യപ്പെടുന്നു.
പാലായിൽ മാണി സി കാപ്പൻ,കുട്ടനാട്ടിൽ സലിം പി ചാക്കോ, കായംകുളത്ത് സുൽഫിക്കർ മയൂരി എന്നിവർക്ക് വേണ്ടിയാണ് സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെയും സംസ്ഥാന അധ്യക്ഷൻ പി പീതാംബരന്റെയും പിന്തുണ ഈ വിഭാഗത്തിലുണ്ട്. എന്നാൽ മന്ത്രി എ കെ ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിന് യുഡിഎഫിലേക്ക് പോകുന്നതിനോട് യോജിപ്പില്ല.
തോമസ് ചാണ്ടിയുടെ സഹോദരൻ മാണി സി കാപ്പന്റെ ഒപ്പം പോകാൻ തയ്യാറായാൽ കുട്ടനാട് സീറ്റ് നൽകുമെന്നാണ് വിവരം. കേരള കോൺഗ്രസ് എം എൽ ഡി എഫിലേക്ക് ചേക്കേറിയതോടെ വന്ന ക്ഷീണം എൻസിപിയുടെ വരവോടെ നികത്താനാകുമോ എന്നാണ് യുഡിഎഫ് നോക്കുന്നത്. ഉമ്മൻ ചാണ്ടി തന്നെയാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്.
തോമസ് ചാണ്ടി അനുസ്മരണം ഇത്തവണ രണ്ടായി ആണ് എൻസിപി നടത്തിയത്. കോട്ടയത്തും ആലപ്പുഴയിലും ആയാണ് തോമസ് ചാണ്ടി അനുസ്മരണം നടന്നത്. മാണി സി കാപ്പന്റെ നേതൃത്വത്തിൽ എൻസിപി സംഘടിപ്പിച്ച അനുസ്മരണം ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത് എന്നതും ശ്രദ്ധേയമാണ്.
എ കെ ശശീന്ദ്രൻ പുതിയ പാർട്ടി രൂപീകരിക്കും എന്നാണ് സൂചന.ഇല്ലെങ്കിൽ കടന്നപ്പള്ളി രാമചന്ദ്രനോട് കൈകോർത്ത് നീങ്ങേണ്ടി വരും.