NEWS

28 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയ കേസില്‍ വിധി ഇന്ന്; നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചെന്ന് സാക്ഷി മൊഴി

നീണ്ട 28 വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ ഇന്ന് അഭയകേസിന്റെ വിധി വരുമ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. കേസിലെ ഏഴാം സാക്ഷി വര്‍ഗീസ് ചാക്കോയുടെ മൊഴിയാണ് ഇപ്പോള്‍ നിര്‍ണായകമായിരിക്കുന്നത്.

സിസ്റ്റര്‍ അഭയയുടെ കഴുത്തില്‍ നഖം കൊണ്ട് മുറിഞ്ഞ പാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് ചാക്കോയുടെ മൊഴി. കേസിന്റെ ഇന്‍ക്വസ്റ്റ് നടപടികളുടെ ഭാഗമായി ഫോട്ടോ എടുത്തത് വര്‍ഗീസ് ചാക്കോയാണ്.

‘മൃതദേഹത്തിന്റെ നാലുക്ലോസപ്പ് ഫോട്ടോകളെടുക്കുമ്പോള്‍ അഭയയുടെ കഴുത്തില്‍ നഖം കൊണ്ടുമുറിഞ്ഞ പാട് വ്യക്തമായി കാണാമായിരുന്നു. അന്ന് ആകെ പത്തുഫോട്ടോ ആണ് എടുത്തത് അതില്‍ സി.ബി.ഐ.കാര്‍ക്ക് ആറുപടമേ ലഭിച്ചുളളൂ.

നാലെണ്ണം നഷ്ടപ്പെട്ടിരുന്നു. സാക്ഷിമൊഴി പറയുമ്പോഴും എന്നെ ഫോട്ടോ കാണിച്ചിരുന്നു. ഞാനെടുത്ത നാലുഫോട്ടോകള്‍ അതില്‍ ഉണ്ടായിരുന്നില്ല. അഭയയുടെ മൃതദേഹം വസ്ത്രങ്ങളെല്ലാം മാറ്റി ഒരു പുല്‍പായയില്‍ ഒരു ബെഡ്ഷീറ്റ് ഇട്ട് മൂടി ഇട്ടിരിക്കുകയായിരുന്നു. ഫോട്ടോഗ്രാഫര്‍ ചെല്ലാതെ വേഷം മാറ്റാന്‍ നിയമമില്ല. തലയുടെ പിറകില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. അത് പോലീസുകാര്‍ ഫോട്ടോ എടുപ്പിച്ചില്ല. മൃതശരീരത്തിന്റെ മുന്‍ഭാഗം മാത്രമേ എടുത്തിട്ടുളളൂ.’ വര്‍ഗീസ് ചാക്കോ പറയുന്നു.

കാണാതായ നാലുഫോട്ടോകള്‍ ഏതെങ്കിലും തരത്തില്‍ നശപ്പിക്കപ്പെട്ടതെന്നാണ് വര്‍ഗീസ് ചാക്കോ പറയുന്നത്. അഭയയുടെ മരണം കൊലപാതകമാണെന്നാണ് വിശ്വസിക്കുന്നതെന്നും ആ കുടുംബത്തിന് നീതി ലഭിക്കണമെന്നും ചാക്കോ പറയുന്നു. അഭയക്കേസില്‍ ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെയാണ് ഏഴാം സാക്ഷിയുടെ വെളിപ്പെടുത്തല്‍.

അതേസമയം, ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസില്‍ അഭയയുടേതു കൊലപാതകമാണെന്നു കണ്ടെത്തിയതു സിബിഐയാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണു യഥാക്രമം ഒന്നും മൂന്നും പ്രതികള്‍. സിബിഐയുടെ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലാം പ്രതി മുന്‍ എഎസ്‌ഐ വി.വി.അഗസ്റ്റിനെയും കുറ്റപത്രത്തില്‍നിന്നു സിബിഐ ഒഴിവാക്കി.

1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിബിഐ കേസ് ഏറ്റെടുത്തെങ്കിലും 16 വര്‍ഷത്തിനു ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

2019 ഓഗസ്റ്റ് 26 ന് സിബിഐ കോടതിയില്‍ ആരംഭിച്ച വിചാരണ ഈ മാസം 10നു പൂര്‍ത്തിയായി. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. 8 പേര്‍ കൂറുമാറി. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെപ്പോലും വിസ്തരിച്ചില്ല. കേസില്‍ കോടതി ഇന്നു നിര്‍ണായക വിധി പറയുമ്പോള്‍, മകളുടെ നീതിക്കായി ആഗ്രഹിച്ച അഭയയുടെ മാതാപിതാക്കള്‍ അതു കേള്‍ക്കാന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

Back to top button
error: