സ്റ്റെര്‍ലൈറ്റ് കമ്പിനിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനോട് അന്വേഷണ ബഞ്ചിന് മുന്‍പില്‍ ഹാജരാവാന്‍ നോട്ടീസ്. കേസ് അന്വേഷിക്കുന്ന ഏകാംഗ ജുഡീഷ്യല്‍ പാനലാണ് രജനീകാന്തിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
റിട്ട.ജഡ്ജി അരുണ ജഗദീഷന്‍ നേരെത്തെയും ബെഞ്ചിന് മുന്‍പില്‍ ഹാജരാവാന്‍ അറിയിച്ചിരുന്നുവെങ്കിലും തന്നെ ഒഴിവാക്കണമെന്ന് താരം ആവശ്യപ്പെടുകയായിരുന്നു. 2018 ല്‍ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പിനിക്കെതിരെ പ്രക്ഷോഭം നടത്തിയവരുടെ കൂട്ടത്തില്‍ നുഴഞ്ഞ് കയറിയ സാമൂഹിക വിരുദ്ധരാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും അവരെ ഉരുക്ക് മുഷ്ടി കൊണ്ട് അടിച്ചമര്‍ത്തണമെന്നുമാണ് രജനീകാന്ത് പ്രതികരിച്ചത്. രജനീകാന്തിന്റെ വാക്കുകള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ വലിയ എതിര്‍പ്പിന് കാരണമായിരുന്നു
സ്റ്റെര്‍ലൈറ്റ് കമ്പിനിയുടെ ചെമ്പ് സംസ്‌കരണ ശാലയില്‍ നിന്നും പുറംതള്ളുന്ന മാലിന്യങ്ങള്‍ കൃഷിയെയും വെള്ളത്തെയും വായുവിനെയും മലിനമാക്കുന്ന എന്നതായിരുന്നു കമ്പിനിക്കെതിരെ പ്രതിഷേധം നടത്തുന്നവരുടെ ആരോപണം. കമ്പിനി അടച്ചു പൂട്ടണം എന്നാവശ്യവുമായി സമരം നടത്തിയവര്‍ക്കെതിരെ പോലീസ് വെടിവെപ്പ് നടത്തിയിരുന്നു. വെടിവെപ്പില്‍ 13 പേര്‍ മരണപ്പെട്ടിരുന്നു