ബിജെപി എംപിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; വിവാഹമോചനം ഉടനുണ്ടാകുമെന്ന് സൂചന

ബിജെപി എംപിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി എംപിയും ബംഗാള്‍ യുവമോര്‍ച്ച പ്രസിഡന്റുമായി സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ഡല്‍ റാനാണ് മമത ബാനര്‍ജിക്കൊപ്പം ചേര്‍ന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെ അമിത് ഷാ കരുക്കള്‍ നീക്കുന്നതിനിടയിലാണ് ബിജെപി എംപി ഭാര്യയുടെ ഈ നീക്കം.

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ തൃണമൂല്‍ നേതാവും എംപിയുമായ സൗഗത റോയി പാര്‍ട്ടി പതാക നല്‍കി സുജാതയെ സ്വാഗതം ചെയ്തു. അതേസമയം, സുജാത മൊണ്ഡല്‍ ഖാനെതിരെ സൗമിച്ര ഖാന്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ബിജെപിയില്‍ സ്ത്രീകളോട് ബഹുമാനമില്ലെന്നും അതിനാലാണ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതെന്നും സുജാത പറഞ്ഞു. ‘എനിക്ക് ശ്വസിക്കണം. എനിക്ക് ബഹുമാനം ലഭിക്കണം. കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുള്ള നേതാവാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പ്രിയപ്പെട്ട ദീദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ‘- സുജാത മൊണ്ഡല്‍ ഖാന്‍ പറഞ്ഞു. മുന്‍ അധ്യാപിക കൂടിയാണ് സുജാത മൊണ്ഡല്‍ ഖാന്‍.

2019ലാണ് സൗമിത്ര ഖാന്‍ ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജാമ്യവ്യവസ്ഥ പ്രകാരം ബിഷണുപുര്‍ മണ്ഡലത്തില്‍ പ്രവേശിക്കുന്നതിന് സൗമിത്ര ഖാന് വിലക്കുണ്ടായിരുന്നതിനാല്‍ സുജാത മൊണ്ഡല്‍ ഖാനാണ് തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ബിജെപി പ്രവര്‍ത്തകയായിരുന്ന സുജാത നരേന്ദ്ര മോദിയുമായി അടക്കം വേദി പങ്കിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *